നയതന്ത്ര പ്രതിനിധിയെ തടഞ്ഞ സംഭവം; പ്രതിഷേധിച്ച് ഇന്ത്യ, ബ്രിട്ടനോട് കര്‍ശന നടപടി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലുള്ള ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് ഖലിസ്ഥാനികള്‍ ഹൈക്കമ്മീഷണറെ തടഞ്ഞത്. തീര്‍ത്തും നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് ഇന്ത്യ പ്രതികരിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. വെള്ളിയാഴ്ച്ചയാണ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഖലിസ്ഥാന്‍വാദികള്‍ തടഞ്ഞത്. ഗ്ലാസ്‌ഗോയിലെ ഗുരുഗ്രന്ഥ സാഹിബ് ഗുരുദ്വാരയിലേക്കായിരുന്നു അദ്ദേഹം എത്തിയത്.ബ്രിട്ടനിലെ തീവ്ര സിഖ് ഗ്രൂപ്പുകള്‍ വിക്രമിനെ ഗുരുദ്വാരയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് തടയുകയായിരുന്നു. നിങ്ങളെ ഇവിടേക്ക് ആരും സ്വാഗതം ചെയ്യില്ലെന്നും ഇവര്‍ പറഞ്ഞു.

സ്‌കോട്‌ലന്‍ഡിന് പുറത്ത് നിന്നുള്ള മൂന്നുപേരാണ് മനപ്പൂര്‍വം തന്നെ തടഞ്ഞത്. നയതന്ത്ര കാര്യാലയത്തിന്റെ വാഹനം ബലംപ്രയോഗിച്ച് തുറക്കാനും ശ്രമിക്കങ്ങളുണ്ടായി. ഖലിസ്ഥാന്‍വാദികള്‍ ഭീഷണിയും, മോശം വാക്കുകളും ഉപയോഗിക്കുന്നത് തുടര്‍ന്നതോടെ ഗുരുദ്വാരയില്‍ നിന്ന് മടങ്ങാന്‍ കോണ്‍സുല്‍ ജനറല്‍ തീരുമാനിക്കുകയായിരുന്നു. സംഘാടകരുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവായത്. കോമണ്‍വെല്‍ത്ത്-മെട്രോപൊളിറ്റന്‍ പോലീസിനെ ഈ സംഭവം അറിയിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
അതേസമയം ഖലിസ്ഥാന്‍ വാദികള്‍ തടഞ്ഞ കാര്യം സ്‌കോട്‌ലന്‍ഡ് പോലീസിനെയും അറിയിച്ചിട്ടുണ്ട്. നയതന്ത്ര സംഘം സുരക്ഷിതരായി മടങ്ങുന്നുവെന്ന കാര്യം സംഘാടകര്‍ ഉറപ്പിച്ചതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ കാരണം. ഇന്ത്യ-കാനഡ ബന്ധം ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌കോട്‌ലന്‍ഡിലും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രി അടക്കം ഇന്ത്യന്‍ ഏജന്റുമാരാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപിച്ചിരുന്നത്. സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങുന്ന സംഘാടകരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതായും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആരോപിച്ചു. ബ്രിട്ടനിലെ സിഖ് സമുദായവും, ഇന്ത്യന്‍ ഹൈക്കമ്മീഷനും തമ്മില്‍ മികച്ച ബന്ധമാണ് ഉള്ളത്. എന്നാല്‍ ഖലിസ്ഥാനി വാദികള്‍ ഇത് വഷളാക്കാനാണ് ശ്രമിക്കുന്നതെന്ന് ഹൈക്കമ്മീഷനിലെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ്-സിഖ് വംശജനായ ജഗ്താര്‍ സിംഗ് ജോഹലിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് ഈ സമ്മര്‍ദമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോഹല്‍ ഇന്ത്യയില്‍ തീവ്രവാദ കുറ്റം ചുമത്തപ്പെട്ട് കസ്റ്റഡിയിലാണ്. ഇന്ത്യയില്‍ ജോഹലിനെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ട്. യുഎപിഎ അടക്കമുള്ള അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 2017 മുതല്‍ മുതല്‍ ഇയാള്‍ തീഹാര്‍ ജയിലിലാണ്.












Click it and Unblock the Notifications