ദോക് ലാ കേന്ദ്രീകരിച്ച് ചൈനയുടെ ടണല്‍ നിര്‍മ്മാണം; കൊടും ശൈത്യകാലത്തും യാത്ര സുഗമമാക്കും
ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സൈനിക വൃത്തങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. സംഘര്‍ഷം ഉടലെടുത്തത് മുതലുള്ള എട്ടാമത്തെ ചര്‍ച്ചയായിരുന്നു അത്. എന്നാല്‍ ചര്‍ച്ച ക്രിയാത്മകമാണെങ്കിലും അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായില്ല. എന്നാല്‍ ഇപ്പോഴിതാ അതിര്‍ത്തിയില്‍ സുപ്രധാന നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന.

അതിര്‍ത്തിയിലെ ദോക് ലാ കേന്ദ്രീകരിച്ച് ചൈന ടണല്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടാണ്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തിയിലെ ഏത് കാലാവസ്ഥയിലും ചൈനയുടെ യാത്ര സുഗമമാക്കുന്നതിന് ഈ ടണല്‍ കൊണ്ട് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ആഗസ്റ്റിലെയും കഴിഞ്ഞ മാസത്തെയും ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഡിടിവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെയും അതിര്‍ത്തിയില്‍ ചൈന ടണല്‍ നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് 500 മീറ്ററോളം വര്‍ദ്ധിപ്പിച്ചെന്നാണ് മനസിലാകുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈനിക വൃത്തങ്ങളും എന്‍ഡിടിവിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇനി വരാന്‍ പോകുന്ന കൊടും ശൈത്യത്തെ അതിജീവിച്ച് ഈ മേഖലയിലൂടയുള്ള യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ചൈന അതിര്‍ത്തിയില്‍ ഇങ്ങനെ ഒരു നീക്കം നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ ടണലിലൂടെയല്ലാതെയുള്ള യാത്ര വളരെ ദുഷ്‌കരമാണ്.
സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മെറുഗ് ലാ പാസിലൂടെ ദോക് ലാമില്‍ എത്തുന്നതിനുള്ള ടണലാണ് ചൈന ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. 2019ലെ ഉപഗ്രഹ ചിത്രത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചിരുന്നു.












Click it and Unblock the Notifications