ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് അത് മാത്രമാണ് പരിഹാരം; ആന്റണി ഫൗച്ചി പറയുന്നു
ആശുപത്രി കിടക്കകൾ, ഓക്സിജൻ, പിപിഇ കിറ്റ്, മറ്റ് സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യ പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. ആയിരകണക്കിന് ആളുകൾ പ്രതിദിനം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാവുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിന്ന് ഇന്ത്യയ്ക്ക് പെട്ടെന്ന് ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്നാണ് ആരോഗ്യ വിദഗ്ധരെല്ലാം ചൂണ്ടി കാണിക്കുന്നത്. സമ്പൂർണ വാക്സിനേഷൻ മാത്രമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന കോവിഡ് പ്രതിസന്ധിക്ക് ഒരു ദീർഘകാല പരിഹാരമെന്ന് അമേരിക്കയിലെ ഏറ്റവും മികച്ച ആരോഗ്യ വിദഗ്ധൻ ഡോ. അന്തോണി ഫോസി ഞായറാഴ്ച പറഞ്ഞു. ഇതിനായി ആഭ്യന്തര തലത്തിലും ആഗോള തലത്തിലും വാക്സിൻ ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇതിന്റെയെല്ലാം അവസാനം എന്ന് പറയുന്നത് ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഉൽപാദന രാജ്യമാണ് ഇന്ത്യ. അവർക്ക് അതിനുള്ള വിഭവങ്ങൾ ലഭ്യമാക്കണം. രാജ്യത്തിന് അകത്ത് നിന്ന് മാത്രമല്ല, പുറത്തുനിന്നും," അന്തോണി ഫോസി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് കൂടിയാണ് ആന്റണി ഫൗച്ചി. ഇന്ത്യയ്ക്ക് സ്വന്തമായി വാക്സിൻ നിർമ്മിക്കുന്നതിനും അത് മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതിനും ലോകരാജ്യങ്ങൾ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി കിടക്കകൾ, ഓക്സിജൻ, പിപിഇ കിറ്റ്, മറ്റ് സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യ പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ചൈന മാതൃകയിൽ ഇന്ത്യയിലും അടിയന്തരമായി ആശുപത്രികൾ നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ആശുപത്രി കിടക്കയില്ലാത്തതിനാൽ നിങ്ങൾക്ക് തെരുവിലേക്ക് ആളുകളെ ഇറക്കിവിടാൻ കഴിയില്ല. ഓക്സിജന്റെ അവസ്ഥ ശരിക്കും നിർണായകമായ ഒന്നാണ്. ആളുകൾക്ക് ഓക്സിജൻ ലഭിക്കാത്തത് ശരിക്കും ദാരുണമാണ്," ഫോസി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ സഹായകമാകുമെന്നും അദ്ദേഹം അടിവരയിട്ടു. വാക്സിൻ തന്നൊണ് പ്രധാനമെങ്കിലും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ അടച്ചുപൂട്ടലിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിനോടകം ലോക്ക്ഡൗണിലേക്ക് കടന്നതായാണ് താൻ കരുതുന്നതെന്നും എന്നാൽ വ്യാപനം തടയാൻ കർശന നടപടികളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. നാല് ലക്ഷത്തിലധികം പേർക്കാണ് പ്രതിദിനം ഇപ്പോൾ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. മരണനിരക്കും കുതിക്കുകയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്ക വർധിപ്പിക്കുന്നതാണ്. ഇതിനോടകം പല സംസ്ഥാനങ്ങളും കർശന ലോക്ക്ഡൗണിലേക്ക് കടന്നതോടെ രോഗവ്യാപനം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ സംവിധാനങ്ങൾ.












Click it and Unblock the Notifications