നിജ്ജാർ കൊലപാതക ഗൂഡാലോചന മോദിക്കും അറിയാമായിരുന്നുവെന്ന് കനേഡിയന്‍ പത്രം: തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡൽഹി:സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന കനേഡിയന്‍ മാധ്യമ റിപ്പോർട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. ഇത്തരം "പരിഹാസ്യമായ പ്രസ്താവനകൾ" അർഹിക്കുന്ന അവഹേളനത്തോടെ തള്ളിക്കളയണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഒരു കനേഡിയർ സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ മാധ്യമ റിപ്പോർട്ട്.
"ഞങ്ങൾ സാധാരണയായി മാധ്യമ റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒകനേഡിയൻ സർക്കാർ ഉദ്യോഗസ്ഥന്‍ ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം," അദ്ദേഹം പറഞ്ഞു."ഇതുപോലുള്ള അപവാദ പ്രചാരണങ്ങൾ ഇതിനകം തന്നെ വഷളായ നമ്മുടെ ബന്ധങ്ങളെ കൂടുതൽ നശിപ്പിക്കുകയേ ഉള്ളൂ," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനേഡിയൻ പത്രമായ ദ ഗ്ലോബ് ആൻഡ് മെയിലിലെ റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയ്‌സ്വാൾ. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നുള്ള വിവരങ്ങളായിരുന്നു വാർത്തയ്ക്ക് ആധാരം.ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
കഴിഞ്ഞ വർഷമാണ് കാനഡയില്‍ വെച്ച് നിജ്ജാർ വെടിയേറ്റ് മരിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും കൊലപാതകവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടത് നേരത്തെ തന്നെ ഇന്ത്യ കാനഡ ബന്ധം വഷളാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കാനർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ത്യ ശക്തമായി തള്ളുകയും തുടർന്ന് ഹൈക്കമ്മീഷണറെ തിരികെ വിളിക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി കനേഡിയൻ സർക്കാറും വ്യക്തമാക്കി.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയുടെ 'ഏജൻറുമാർക്ക്' പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം കനേഡിയൻ പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രൂഡോയുടെ ആരോപണങ്ങൾ. എന്നാല്‍ ഇന്ത്യ എല്ലാ അവകാശവാദങ്ങളും തള്ളുകയും ഇന്ത്യയുടെ പങ്ക് ആരോപിക്കുന്നുണ്ടെങ്കില്‍ അതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് ട്രൂഡോ സമ്മതിക്കുകയും ചെയ്തു. ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications