കശ്മീരിന്റെ ടൂറിസത്തിന് കരുത്തേകും; ജി20 യോഗത്തില്‍ 60 പ്രതിനിധികള്‍ എത്തുമെന്ന് ടൂറിസം സെക്രട്ടറി
ശ്രീനഗര്‍: ജി20 യോഗത്തില്‍ പ്രതീക്ഷ വെച്ച് ജമ്മു കശ്മീര്‍. ടൂറിസം മേഖല ലോകത്തിന് മുന്നില്‍ തുറക്കാനുള്ള വേദിയായിട്ടാണ് ജി20യെ കശ്മീര്‍ കാണുന്നത്. അതേസമയം 60 വിദേശ പ്രതിനിധികളെങ്കിലും കശ്മീരില്‍ നടക്കുന്ന ജി20 യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനോടകം പാകിസ്താനും, ചൈനയുമെല്ലാം ഈ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതിനിധികള്‍ എത്തുന്നതോടെ വന്‍ വിജയമാകും ജി20 യോഗമെന്നാണ് ഇന്ത്യ കരുതുന്നത്. ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പും, കശ്മീരിലെ ഭരണസമിതിയും ചേര്‍ന്നാണ് ഈ യോഗം ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ ശ്രമിക്കുന്നത്. അതിഥികള്‍ക്കായി വലിയ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കശ്മീരില്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ഇവന്റായിരിക്കും ജി20. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷം അവിടെ നടക്കുന്ന വലിയ പരിപാടിയും ഇത് തന്നെയാണ്. ചില അംഗരാജ്യങ്ങള്‍ ഇപ്പോഴും ജി20 യോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. മെയ് 22നാണ് രജിസ്‌ട്രേഷനുള്ളഅവസാന തിയതിയെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് പറഞ്ഞു.
മെയ് 22 മുതല്‍ 24 വരെയാണ് ജി20 യോഗം കശ്മീരില്‍ നടക്കുന്നത്. അറുപതോളം വിദേശ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരവിന്ദ് സിംഗ് പറഞ്ഞു. അതേസമയം ടൂറിസം മാത്രം ലക്ഷ്യമിട്ടല്ല കേന്ദ്രം ഇവിടെ ജി20 യോഗം നടത്തുന്നത്.ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി എന്ന് ലോകത്തിന് മുന്നില്‍ കാണിക്കാനുള്ള യോഗം കൂടിയാണ് കേന്ദ്രത്തിന് ജി20.
ഏറ്റവും മികച്ച സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പഴുതടച്ച സുരക്ഷയെന്ന് വിളിക്കാം. വ്യോമ സുരക്ഷാ സംവിധാനങ്ങള്‍ വരെ ഇവിടെ സജ്ജമാണ്. എന്‍എസ്ജിയുടെ വലിയൊരു സംഘം തന്നെ കശ്മീരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
മറീന്‍ കമാന്‍ഡോസ്, പാരാ മിലിട്ടറി ട്രൂപ്പുകള്‍, പോലീസ്, സുരക്ഷാ ഏജന്‍സികള്‍ എന്നിവരെല്ലാം ഇവിടെ സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്. ദാല്‍ തടാകത്തിന് ചുറ്റും വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെയാണ് ജി20 യോഗം നടക്കുന്നത്.
ഫിലിം ടൂറിസം ഫോര്‍ ഇക്കണോമിക് ഗ്രോത്ത് ആന്‍ഡ് കള്‍ച്ചറല്‍ പ്രിസര്‍വേഷന്‍ പരിപാടിയും കേന്ദ്ര ടൂറിസം മന്ത്രാലയം കശ്മീരില്‍ ഒരുക്കുന്നുണ്ട്. ഇത് ഫിലിം ടൂറിസം പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്നതാണ്. ജി20 അംഗരാജ്യങ്ങള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, പ്രമുഖ വ്യവസായികള്‍, സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖ നിര്‍മാതാക്കള്‍ എന്നിവര്‍ ജി20 യോഗത്തില്‍ പങ്കെടുക്കും.
ദാല്‍ തടാകത്തിലെ ശിക്കാര ഹൗസ് ബോട്ടുകളില്‍ പ്രതിനിധികള്‍ യാത്രയും നടത്തും. ദാല്‍ തടാകത്തിന്റെ തീരത്ത് സാംസ്‌കാരിക പരിപാടികളും നടത്തുന്നുണ്ട്. പരമാവധി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.












Click it and Unblock the Notifications