ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 37,593 പേർക്ക് കൊവിഡ്:അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ 16 പേർക്കും വൈറസ് ബാധ
ദില്ലി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 37,593 പുതിയ കോവിഡ് കേസുകൾ. 648 പേർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ 24,296 കേസുകളും മഹാരാഷ്ട്രയിൽ 4,355 കേസുകളും തമിഴ്‌നാട്ടിൽ 1,585 കേസുകളും കർണാടകയിൽ 1,259 കേസുകളും ആന്ധ്രയിൽ 1,248 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പുതിയ കൊവിഡ് കേസുകളിൽ 87.1 ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്, പുതിയ കേസുകളിൽ 64.63 ശതമാനം കേരളത്തിൽ നിന്ന് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ 20000നടുത്താണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. അതേസമയം, കോവിഡ് -19 മൂലമുള്ള മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിൽ നിന്നാണ്. 288 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ 173 പ്രതിദിന മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ത്യയുടെ രോഗമുക്തി നിരക്ക്
97.67 ശതമാനമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 34,169 കോവിഡ് രോഗികൾ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്താകമാനം രോഗമുക്തി നേടിയവരുടെ എണ്ണം 3,17,54,281 ആയിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടുമണി വരെ, ഇന്ത്യയുടെ ആക്ടീവ് കേസുകളുടെ എണ്ണം കേസ്‌ലോഡ് 3,22,327 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സജീവ കേസുകൾ 2,776 വർദ്ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 61,90,930 ഡോസ് വാക്സിനുകളാണ് നൽകിയിട്ടുള്ളത്. ഇതോടെ മൊത്തം ഡോസുകളുടെ എണ്ണം 59,55,04,593 ആയിട്ടുണ്ട്.
ഇന്നലെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ നിന്നെത്തിയ 78 പേരിൽ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മുൻകരുതൽ എന്ന നിലയിൽ 78 പേരെയും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. തിരിച്ചെത്തിയ 16 പേർക്കും രോഗലക്ഷണങ്ങളൊന്നുമില്ല.
രോഗം ബാധിച്ചവരിൽ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നവരും ഉൾപ്പെടുന്നുണ്ട്. ഒരാഴ്ച മുമ്പ് താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാൻ പൌരന്മാർ അടക്കമുള്ളവരാണ് രാജ്യം വിട്ട് ഇന്ത്യയിലേക്ക് എത്തുന്നത്.
228 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 626 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇതുവരെ ഒഴിപ്പിച്ചതായി മന്ത്രി ഹർദീപ് പുരി അറിയിച്ചു. അവരിൽ 77 പേർ അഫ്ഗാനിൽ നിന്നുള്ള സിഖുകാരാണെന്നും അദ്ദേഹം അറിയിച്ചു. ഒഴിപ്പിക്കപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തിൽ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്നവരെക്കൂടാതെയാണ് കണക്കുകൾ. "അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന്" ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും രാജ്യത്ത് നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും മുൻഗണന നൽകുമെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications