തിരിച്ചടിച്ച് ഇന്ത്യ; പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ തകർത്തു..നീതി നടപ്പായെന്ന് സൈന്യം
പഹൽഗം ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനെതിരെ സർജിക്കൽ സൈട്രക്കുമായി ഇന്ത്യ. പാക്കിസ്ഥാനിൽ 9 ഭീകരകേന്ദ്രങ്ങൾ സൈന്യം തകർത്തു. പുലർച്ചെയോടെയാണ് ഓപ്പറേഷൻ സിന്ധൂർ എന്ന പേരിൽ തിരിച്ചടി നടത്തിയത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും നീതി നടപ്പായെന്നും ഇന്ത്യൻ സൈന്യം ട്വിറ്ററിൽ കുറിച്ചു.
' വളരെ കരുതലോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളൊന്നും തന്നെ ആക്രമച്ചിട്ടില്ല. ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഓപ്പറേഷൻ നടത്തുന്നതിലും ഞങ്ങൾ സംയമനം പാലിച്ചു. പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായവരെ ഉത്തരവാദിത്തത്തോടെ തന്നെ പിടികൂടുമെന്ന വാക്ക് പാലിക്കുന്നു', സൈന്യം കുറിച്ചു. ഭാരത് മാതാ കി ജയ് എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തത്.

അതേസമയം കോട്ലി, മുരിദ്കെ, ബവൽപൂർ, മുസഫറാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ ഡിജി ഐഎസ്പിആർ ലെഫ്റ്റനെന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പ്രതികരിച്ചു. ഹാഫിസ് സയീദ് നയിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിദ്കെ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ബഹൽവാപൂർ. ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ താവളമാണിത്. മസൂദ് അസ്ഹർ ഈ ഭീകരസംഘത്തെ നയിക്കുന്നത്. അതേസമയം ഇന്ത്യയുടെ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 2 പേർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ ആരോപിച്ചു. ആളപായം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പഹൽഗാം ആക്രമണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തേ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിച്ചും പാക് പൗരൻമാരെ പുറത്താക്കിയുമൊക്കെയായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ കടുത്ത നടപടികൾ. ഇതോടെ വലിയ പ്രകോപനമായിരുന്നു പാക്കിസ്ഥാൻ തീർത്തത്. നിയന്ത്രണരേഖയിൽ പല തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മൂന്ന് സൈന്യവും വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. ശക്തിപ്രകടനമെന്ന നിലയിൽ മിസൈൽ പരീക്ഷണമടക്കം പൂർത്തിയാക്കിയിരുന്നു.
ഇന്ന് യുദ്ധസമാന സാഹചര്യത്തെ നേരിടാൻ എങ്ങനെ ജനങ്ങൾ തയ്യാറെടുക്കണം എന്ന് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജവ്യാപകമായി മോക് ഡ്രൽ നടത്താനിരിക്കുകയാണ് കേന്ദ്രം. അതിനിടയിലാണ് അപ്രതീക്ഷിതമായി തിരിച്ചടി പാക്കസ്ഥാന് കേന്ദ്രം നൽകിയിരിക്കുന്നത്. അതേസമയം പാക്കസ്ഥാൻ ഇനി എന്ത് നടപടിയായിരക്കും ഇന്ത്യക്കെതിരെ കൈകൊള്ളുക എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇന്ത്യ ആക്രമണം നടത്തിയാൽ വെറുതെ ഇരിക്കില്ലെന്ന് പാക്ക് സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications