ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്; 23000 കോടി, വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം
ദില്ലി : 23,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ എ ബി ജി ഷിപ്പ്യാര്‍ഡിന്റെ മേധാവികള്‍ക്കും സീനിയര്‍ എക്സിക്യൂട്ടീവുകള്‍ക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സി ബി ഐ. എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സി ബി ഐ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . റിഷി അഗര്‍വാള്‍ , സന്താനം മുത്തുസ്വാമി , അശ്വിനി കുമാര്‍ എന്നിവരാണ് ഷിപ്പിംഗ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടി്പ്പ് കേസാണിതെന്ന് പറയപ്പെടുന്നു .

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 28 ബാങ്കുകള്‍ക്ക് നല്‍കാനുള്ള 22,842 കോടി രൂപയുടെ വായ്പയില്‍ എബിജി ഷിപ്പ്യാര്‍ഡ് കുടിശ്ശിക വരുത്തിയെന്ന് സി ബി ഐ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. എബിജി ഷിപ്പ്യാര്‍ഡ് കുറഞ്ഞത് 98 അനുബന്ധ കമ്പനികളിലേക്കെങ്കിലും ഫണ്ട് വകമാറ്റി, വൃത്തങ്ങള്‍ എന്‍ ഡി ടി വിയോട് പറഞ്ഞു. കപ്പല്‍ നിര്‍മ്മാണത്തിലും കപ്പല്‍ റിപ്പയറിംഗിലും ഏര്‍പ്പെട്ടിരിക്കുന്ന എ ബി ജി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് എ ബി ജി ഷിപ്പ്യാര്‍ഡ്.

ഗുജറാത്തിലെ ദഹേജിലും സൂറത്തിലുമാണ് കപ്പല്‍ശാലകള്‍ സ്ഥിതി ചെയ്യുന്നത്. എബിജി ഷിപ്പ്യാര്‍ഡ് കേസിലെ ഏറ്റവും പുതിയ ലുക്ക്ഔട്ട് നോട്ടീസ്, നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് മുതല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവി വിജയ് മല്യയുടെ ബാങ്ക് ലോണ്‍ തട്ടിപ്പിനും സമാനമായ കേസാണ്. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനും ഇടയില്‍, കണ്‍സോര്‍ഷ്യത്തിന്റെ വിവിധ ബാങ്കുകള്‍ എബിജി ഷിപ്പ്യാര്‍ഡിന്റെ അക്കൗണ്ട് തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു.

എ ബി ജി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് എസ് ബി ഐ ആണ് പരാതി നല്‍കിയത്. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോട്യത്തില്‍ നിന്നും എ ബി ജി 22,842 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതില്‍ 7,089 കോടി ഐ.സി ഐ.സി.ഐ ബാങ്ക്, 3639 കോടി ഐ ഡി ബി ഐ ബാങ്ക്, 2,925 കോടി എസ് ബി ഐ, 1,614 ബാങ്ക് ഓഫ് ബറോഡ, 1,244 കോടി പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിങ്ങനെയാണ് വായ്പയായി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് 13 ഓളം സ്ഥലങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിട്ടുണ്ട്. ഈ ബാങ്കുകളില്‍ നിന്ന് എബിജി എസ്എല്‍ വായ്പയെടുക്കുകയും പിന്നീട് വഴിതിരിച്ചുവിടുകയും ചെയ്തതായി സി ബി ഐ വൃത്തങ്ങള്‍ പറയുന്നു. വായ്പാ തുകയില്‍ നിന്ന് വിദേശ സബ്‌സിഡിയറികളില്‍ നിക്ഷേപം നടത്തി, അനുബന്ധ കമ്പനികളുടെ പേരില്‍ ആസ്തികള്‍ വാങ്ങി, ഇതുമായി ബന്ധപ്പെട്ട നിരവധി കക്ഷികള്‍ക്ക് പണം കൈമാറിെന്നും സി ബി ഐ വ്യക്തമാക്കുന്നു.

എ ബി ജി എസ് എല്‍ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ , മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി , ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍ , സുശീല്‍ കുമാര്‍ അഗര്‍വാള്‍ , രവി വിമല്‍ നെവാതിയ എന്നിവര്‍ക്കെതിരെയും അന്വേഷണ ഏജന്‍സി കേസെടുത്തിട്ടുണ്ട്. സൂറത്ത് , ബറൂച്ച് , മുംബൈ , പൂനെ എന്നിവിടങ്ങളിലെ പ്രതികളുടെ 13 സ്ഥലങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ചയും നടത്തിയ പരിശോധനയില്‍ കുറ്റകരമായ രേഖകള്‍ കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു .












Click it and Unblock the Notifications