ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 8447 ആയി; 24 മണിക്കൂറിനിടയില്‍ മാത്രം 31 മരണം
ദില്ലി: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 8447 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 പേര്‍ ഈ സമയത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 273 ആയി. 765 പേര്‍ സുഖം പ്രാപിച്ചു. 7409 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 1761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 127 പേര്‍ക്കാണേ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത്.
ദില്ലിയിലും രോഗികളുടെ എണ്ണം ആയിരം കടന്നു. മരിച്ചവര്‍-19. തമിഴ്നാട്ടില്‍ 969 പേര്‍ക്കും രാജസ്ഥാനില്‍ 700 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോള്‍ ഒരുലക്ഷത്തി അയ്യായിരം ബെഡ്ഡുകള്‍ തയ്യാറാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്താകെ 601 കോവിഡ് ആശുപത്രികള്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, 2 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.












Click it and Unblock the Notifications