ലക്ഷ്യത്തിലെത്താതെ ഇഒഎസ്-03; വിക്ഷേപണത്തിന്റെ ക്രയോജനിക് ഘട്ടത്തിൽ ദൗത്യം പാളി
വിക്ഷേപണം പൂർണമായും വിജയമല്ലായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യുടെ വിക്ഷേപണം പരാജയപ്പെട്ടു. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ വിക്ഷേപണത്തിന്റെ ക്രയോജനിക് എന്ന് അറിയപ്പെടുന്ന മൂന്നാം ഘട്ടത്തിലാണ് ദൗത്യം പാളിയത്. ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. വിക്ഷേപണം പൂർണമായും വിജയമല്ലായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
Recommended Video

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
വ്യാഴാഴ്ച പുലർച്ചെ 5.43നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപഗ്രഹ വിക്ഷേപണം നടത്തിയത്. രണ്ടു തവണ മാറ്റിവച്ച വിക്ഷേപണം ആറു മാസത്തിനു ശേഷമാണു നടത്തിയത്. ജിഎസ്എൽവി - എഫ് 10 ആയിരുന്നു ഇഒഎസ്-03യുടെ വിക്ഷേപണ വാഹനം. പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുതകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-03. ദൗത്യം വിജയകരമായിരുന്നെങ്കിൽ ഭൗമ നിരീക്ഷണത്തിൽ ഇന്ത്യയ്ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒന്നായെനേ അത്. ഭൂസ്ഥിര ഭ്രമണപഥത്തിൽ രാജ്യത്തിന്റെ അതിർത്തിയും കരയും കടലും നിരന്തരം നിരീക്ഷിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്.
24 മണിക്കൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയായിരുന്നു ഇഒഎസ് 03 ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. 2268 കിലോ ഗ്രാം ഭാരം വരുന്ന ഇഒഎസ്-03യിൽ ഉപയോഗിച്ചിരിക്കുന്ന ശക്തിയേറിയ ക്യാമറകൾ ഉപയോഗിച്ച് ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങൾ പകർത്താനാകുമെന്നാണ് ഐഎസ്ആർ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നത്. ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുക എന്നിവയും ഉപഗ്രഹത്തിന്റെ ദൗത്യമായിരുന്നു.
"നിശ്ചയിച്ച പ്രകാരം ജിഎസ്എൽവി- എഫ് 10 വിക്ഷേപണം ഇന്ന് ഇന്ത്യൻ സമയം 5.43 ന് നടന്നു. ഒന്നും രണ്ടും ഘട്ടങ്ങളുടെ പ്രകടനം സാധാരണമായിരുന്നു. എന്നാൽ, സാങ്കേതിക അപാകത കാരണം ക്രയോജനിക് അപ്പർ സ്റ്റേജ് ഇഗ്നിഷൻ സംഭവിച്ചില്ല. ഉദ്ദേശിച്ചതുപോലെ ദൗത്യം പൂർത്തിയാക്കാനായില്ല." ഐഎസ്ആർഒ അറിയിച്ചു. ദൗത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഇന്ത്യൻ സ്പെയ്സ് റിസേർച്ച് ഓർഗനൈസേഷൻ അറിയിച്ചു. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിക്ഷേപണം പാളിപ്പോവുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തടസപ്പെട്ട വിക്ഷേപണ ദൗത്യങ്ങൾ പുനഃരാരംഭിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിക്ഷേപണമായിരുന്നു ഇഒഎസ്-03ന്റേത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇതിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഒരു വർഷത്തോളം നീട്ടി വെക്കുകയായിരുന്നു. ഇക്കൊല്ലം മാർച്ച് അഞ്ചിനും 28നും ഇടയ്ക്ക് വീണ്ടും വിക്ഷേപണം തീരുമാനിച്ചതാണ്. എന്നാൽ കോവിഡ് പ്രതിസന്ധിയും ചില സാങ്കേതിക പ്രശ്നങ്ങളും വീണ്ടും അത് വൈകിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications