കാനഡക്കാർക്കുള്ള വിസ നിർത്തിവെച്ച് ഇന്ത്യ: കാനഡയും തിരിച്ചടിക്കുമോ? വിദ്യാർത്ഥികള്‍ക്ക് ആശങ്ക
ഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാവുന്നു. കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. ഖാലിസ്ഥാൻ അനുകൂല സിഖ് ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന കനേഡിയിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റർനാഷണലിന്റെ അറിയിപ്പിൽ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായിട്ടോ അതോ മറ്റെന്തെങ്കിലും സാങ്കേതികപരമായ കാരണങ്ങളാലാണോ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതെന്ന് വ്യക്തമല്ല.

കാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ തങ്ങളുടെ കനേഡിയൻ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പോസ്‌റ്റ് ചെയ്‌തിട്ടും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. "ഇന്ത്യൻ എംമ്പസിയില്‍ നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു." എന്നാണ് വെബ്സൈറ്റിലെ അറിയിപ്പ്.
കോവിഡ് -19 പാൻഡെമിക്കിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വിസ താൽക്കാലികമായി നിർത്തുന്നത്. സോഷ്യൽ മീഡിയയിലൂടെുണ്ടായ ഭീഷണികളെത്തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലെ ജീവനക്കാരുടെ സാന്നിധ്യം താൽക്കാലികമായി ക്രമീകരിക്കുകയാണെന്ന് കാനഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാനഡിയിലുള്ള ഇന്ത്യന്‍ വിദ്യാർത്ഥികളോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ സർക്കാറും നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യക്ക് സമാനമായ നീക്കം കാനഡയും സ്വീകരിക്കുമോയെന്നതാണ് പ്രധാന ആശങ്ക. അങ്ങനെയെങ്കില്‍ കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെയടക്കം അത് വല്ലാതെ ബാധിക്കും.അതിനിടെ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷൻ, മുംബൈ, ചണ്ഡീഗഡ്, ബെംഗളൂരു എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് കാനഡ കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.
ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച കാനഡ ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തിരുന്നു. രാജ്യത്തിനെതിരെ ട്രൂഡോ നടത്തിയ ആരോപണം അസംബന്ധമാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തിരിച്ചടിച്ചു. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാനും വിദേശ കാര്യമന്ത്രാലയം നിർദേശിച്ചിരുന്നു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന "വിശ്വസനീയമായ തെളിവുകള്‍" ഉണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ ഒരു വിദേശ ഗവൺമെന്റിന്റെ ഏതെങ്കിലും പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമാണെന്നും ട്രൂഡോ പറഞ്ഞു.
ഇന്ത്യ തിരയുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാർ വാൻകൂവറിന്റെ പ്രാന്തപ്രദേശമായ സറേയിൽ വച്ച് ജൂൺ 18 നാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്.ഖാലിസ്ഥാനി ടൈഗർ ഫോഴ്‌സിന്റെയും സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) കനേഡിയൻ വിഭാഗത്തിന്റെയും തലവനായിരുന്നു ഹർദീപ് സിംഗ് നിജ്ജാർ. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള നിജ്ജർ 1997-ലാണ് കാനഡയിലേക്ക് കുടിയേറുന്നത്.












Click it and Unblock the Notifications