ഇസ്രായേല്‍ വെടിനിർത്തണം: മോദി സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് സിപിഎമ്മും കോണ്‍ഗ്രസും
ഡല്‍ഹി: റഫയില്‍ കൂട്ടുകുരുതി നടത്തുന്ന ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് അന്താരാഷ്ട്ര സമൂഹം. വിവിധ രാഷ്ട്രങ്ങളും സംഘടനകളും എത്രയും പെട്ടെന്ന് തന്നെ ഇസ്രായേല്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഇന്ത്യയില്‍ സിപിഎം, കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പാർട്ടികളും ഇസ്രായേലിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.
റഫയിലെ ടെൻറ്റ് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു. അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 45 പേരിൽ 20 സ്ത്രീകളും കുട്ടികളും അടങ്ങുന്നു. റഫയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശം നൽകിയതിന് ശേഷവും ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായ കടന്നാക്രമണം തുടരുകയാണ്. ഗാസയിലെ മനുഷ്യക്കുരുതിയിൽ ഇതുവരെ 36,000ൽ പരം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങൾ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അടിയിൽ നിന്ന് ഇപ്പോഴും കണ്ടെടുക്കാനുമായിട്ടില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനപ്രിയരും ശബ്ദമുയർത്തണം. ഇസ്രായേൽ റഫയിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള ആവശ്യം ഉയർത്താൻ എല്ലാവരും മുന്നോട്ടുവരണം. യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ അംഗീകരിക്കാൻ മോദി സർക്കാർ ഇസ്രായേലിന്റെ മേൽ സമ്മർദ്ദം ചെലുത്തണം. ഇസ്രായേലിലേക്കുള്ള എല്ലാ ആയുധക്കയറ്റുമതിയും കേന്ദ്രസർക്കാർ ഉടൻ നിർത്തലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
അടിയന്തിരമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ വിഷയത്തിൽ ഇടപെടേണ്ടതുണ്ടെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിപ്രായപ്പെടുന്നത്. ജീവിക്കാനുള്ള അവകാശം ഒരു മനുഷ്യർക്കും നിഷേധിക്കപ്പെടരുത്. കേന്ദ്ര സർക്കാറിനോടും ലോക രാജ്യങ്ങളോടും അഭ്യർത്ഥിക്കാനുള്ളത് അതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെസി വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
"ഞങ്ങളെല്ലാം ടെന്റിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ക്യാമ്പിൽ ബോംബ് പതിക്കുന്നത്. കുടുംബത്തിലെ അഞ്ചുപേരെ എനിക്ക് നഷ്ടപ്പെട്ടു. എല്ലാവരും പൂർണമായി കത്തിക്കരിഞ്ഞിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ട്.''
റഫയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ മാജിദ് അൽഅത്താർ എന്ന സഹോദരൻ അൽജസീറയോട് പങ്കുവെച്ചത് വായിക്കുകയായിരുന്നു. എത്രമേൽ വലിയ ക്രൂരതയാണ് മനുഷ്യരോട് ഒരു ഭരണകൂടം കാണിക്കുന്നത്. റഫയിൽനിന്നുള്ള കഴിഞ്ഞ രാത്രിയിലെ കാഴ്ചകൾ അതിഭീകരമായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വായിക്കുമ്പോൾ മനസിലാകുന്നത്. പലസ്തീന് മേൽ ഇസ്രായേൽ ഭരണകൂടം തുടർന്നുവരുന്ന ജനാധിപത്യ വിരുദ്ധ അക്രമങ്ങൾ അതിന്റെ എല്ലാ സീമകളും ലംഘിച്ച് ക്രൂരതയാകുന്ന കാഴ്ചയാണ് ലോകം ഈ ദിവസങ്ങളിൽ കാണുന്നത്.
അഭയാർഥി ക്യാംപുകളിൽ ഭയവിഹ്വലരായി കഴിയുന്ന നിരപരാധികളെ ഇങ്ങനെ കൊന്നൊടുക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേൽ നയം പ്രതിഷേധാർഹമാണ്. റഫയിൽ ഒരിടത്തും പലസ്തീനികൾക്ക് സുരക്ഷിതമായ ഇടമില്ല. അന്താരാഷ്ട്ര നിയമങ്ങൾ പോലും ഇസ്രായേൽ പാലിക്കുന്നില്ല. ഇസ്രായേൽ റഫയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു അഭയാർഥി ക്യാമ്പ് അപ്പാടെ കത്തിച്ചാമ്പലായിരുന്നു. 45 പേരാണ് ആക്രമണത്തിൽ വെന്തുമരിച്ചത്. 249 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ. യഥാർത്ഥ കണക്കുകൾ അതിലും മുകളിലായിരിക്കും
അടിയന്തിരമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശം ഒരു മനുഷ്യർക്കും നിഷേധിക്കപ്പെടരുത്. കേന്ദ്ര സർക്കാറിനോടും ലോക രാജ്യങ്ങളോടും അഭ്യർത്ഥിക്കാനുള്ളത് അതാണ്. മനുഷ്യരാശിക്ക് വേണ്ടി ഇടപെടുക.












Click it and Unblock the Notifications