ഇന്ത്യ-യുഎസ് ബന്ധം ആഗോള നന്മയ്‌ക്ക് കരുത്ത് പകരും; പ്രധാനമന്ത്രി
ദില്ലി: ഇന്ത്യ-യുഎസ് ബന്ധം ആഗോള നന്മയ്‌ക്ക് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി നടത്തിയ അഞ്ചാമത് ടു പ്ലസ് ടു മന്ത്രിതല കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തമാകാൻ ടു പ്ലസ് ടു മന്ത്രിതല ചർച്ച സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുമെന്നും സാങ്കേതികവിദ്യ, ക്ലീൻ എനർജി, ശോഭനമായ ഭാവി എന്നിവയ്ക്കായി നൂതനാശയങ്ങൾ പങ്കിടുന്നത് തുടരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയുമായുള്ള ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) വഴിയുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയും അമേരിക്കയും സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്തോ-പസഫിക്കിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ മീൻപിടുത്തം,കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയെ ചെറുക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഡോ-പസഫിക്കിലെ മാനുഷിക ദുരിതാശ്വാസ, ദുരന്ത പ്രതികരണ ശ്രമങ്ങളും തങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോ-പസഫിക് വിഷയത്തിലും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിലുമുള്ള പരസ്പര സഹകരണം തുടരുമെന്നും ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാത്തതില്‍ പ്രതിഷേധം
ടു പ്ലസ് ടു മന്ത്രി തല ചർച്ചയ്ക്ക് ശേഷം ഇന്ത്യയും അമേരിക്കയും ഇറക്കിയ സംയുക്ത പ്രസ്താവനയിൽ പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാത്തതില്‍ പ്രതിഷേധം ശക്തം. പ്രസ്താവനയിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചതെന്ന് ഇടതുപാർട്ടികൾ കുറ്റപ്പെടുത്തി.
ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും ആക്രമണത്തിൽ ഇസ്രായേലിനൊപ്പമാണെന്നുമാണ് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ പറയുന്നത്. മാത്രമല്ല ആക്രമണം മറ്റ് മേഖലകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ആക്രമണത്തിൽ സാധാരണ മനുഷ്യർ കൊല്ലപ്പെടുന്നത് ഒഴിവാക്കണമെന്ന് പറയുമ്പോഴും വെടിനിർത്തൽ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ഇടതുപാർട്ടികളാണ് ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചത്.
ഇരുരാജ്യങ്ങളുടേയും നിലപാട് അംഗീകരിക്കാൻ ആകില്ലെന്നും ഇനിയെങ്കിലും വെടിനിർത്തലിന് വേണ്ടി ശക്തമായ ആവശ്യം ഇന്ത്യ ഉന്നയിക്കണമെന്നുമാണ് ഇടതുനേതാക്കൾ പ്രതികരിച്ചത്. കോൺഗ്രസ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിചിട്ടില്ല.












Click it and Unblock the Notifications