ഇന്ത്യ രണ്ടാം റൗണ്ടിന് തയ്യാറായിരുന്നു; ഒടുവിൽ യുഎസ് ഇടപെടലിനായി പാകിസ്ഥാന്റെ അഭ്യർത്ഥന, റിപ്പോർട്ട്
ന്യൂഡൽഹി: സൈനിക ശേഷിയിൽ ഇന്ത്യയെ താറടിച്ചുകാണിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകളെയും നുണപ്രചാരണങ്ങളെയും തള്ളിയുള്ള ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള സംഭവവികാസങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. മെയ് പത്തിന് പാക് വ്യോമ താവളങ്ങൾ ആക്രമിച്ച ഇന്ത്യൻ സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ യുഎസിന്റെ ഇടപെടലിനായി പാകിസ്ഥാൻ കെഞ്ചിയെന്നാണ് വിവരം.
മെയ് 10ന് രാവിലെ പാകിസ്ഥാന്റെ ഹൃദയഭാഗത്തുള്ള നൂർ ഖാൻ വ്യോമതാവളത്തിൽ മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെ, കറാച്ചി നാവിക തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ആക്രമണം ഉണ്ടാവുമെന്ന വിവരം ലഭിക്കുകയും ചെയ്‌തതോടെയാണ് പാകിസ്ഥാൻ വിറങ്ങലിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റാവൽപിണ്ടി ആക്രമണത്തിനുശേഷം കേന്ദ്ര സർക്കാർ കൂടുതൽ സംഘർഷം വഷളാക്കാതിരിക്കാൻ തീരുമാനിച്ചത് പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഒത്ത എതിരാളിയല്ലെന്ന കൃത്യമായ തിരിച്ചറിവ് മൂലമാണെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. മെയ് 10ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവരുമായി തീവ്ര ചർച്ചകൾ നടത്തിയത് പാകിസ്ഥാൻ സമ്മർദ്ദത്തെയാണ് എടുത്തുകാണിക്കുന്നത്.
നൂർ ഖാൻ വ്യോമതാവളത്തിൽ പുലർച്ചെ ഇന്ത്യൻ മിസൈലുകൾ ശക്തമായി ആക്രമണം നടത്തിയപ്പോൾ, പാകിസ്ഥാൻ ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) കാഷിഫ് അബ്‌ദുള്ള അതേ ദിവസം രാവിലെ 10:38ന് ഇന്ത്യൻ സഹമന്ത്രിയെ വിളിച്ച് കറാച്ചി നാവിക തുറമുഖത്ത് ബ്രഹ്മോസ് മിസൈൽ ആക്രമണം ഉണ്ടാകുമെന്ന് രഹസ്യ വിവരങ്ങൾ ലഭിച്ചതായി അവകാശപ്പെട്ടിരുന്നു.
പാകിസ്ഥാൻ ഡിജിഎംഒ പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യ എല്ലാത്തരത്തിലും തിരിച്ചടികൾ നേരിടാൻ സജ്ജമായിരുന്നു. മാർക്കോ റൂബിയോ പാകിസ്ഥാന്റെ വെടിനിർത്തൽ സന്നദ്ധത അറിയിച്ചപ്പോൾ, സായുധ സേനയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നതിനാൽ, അത്തരമൊരു നിർദ്ദേശം ഡിജിഎംഒ വഴി വരണമെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലപാട് എടുത്തത്.
ഫ്രഞ്ച് ഔദ്യോഗിക മാധ്യമങ്ങൾ മുന്നോട്ടുവച്ചതുൾപ്പെടെ നിരവധി പാശ്ചാത്യ വിവരണങ്ങൾ ചൈനീസ് ആയുധങ്ങൾ ഇന്ത്യയേക്കാൾ മികച്ചതാണെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. 11 വ്യോമതാവളങ്ങൾ തകർത്തതും, വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പൂർണ്ണമായ നിർവീര്യകരണം എന്നിവയെത്തുടർന്ന്, സിന്ധുനദിയുടെ കിഴക്ക് ഭാഗത്ത് പാകിസ്ഥാന് സ്വാധീനം കുറഞ്ഞതിനാൽ ഇന്ത്യയ്ക്ക്വെടിനിർത്തലിന് യാതൊരു സമ്മർദ്ദവും ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പാകിസ്ഥാന്റെ വ്യോമ യുദ്ധ തന്ത്രത്തെ സഹായിക്കുന്നതിൽ ചൈനീസ്, തുർക്കി ഉദ്യോഗസ്ഥർ വഹിച്ച പങ്ക് കണക്കിലെടുക്കുമ്പോൾ, പഹൽഗാം കൂട്ടക്കൊലയെത്തുടർന്ന് തീവ്രവാദ ഘടകങ്ങൾക്കൊപ്പം നിന്ന എല്ലാ കക്ഷികൾക്കെതിരെയും ഇന്ത്യ പ്രതികാര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ ആദ്യപടിയായി തുർക്കിക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
തുർക്കി കമ്പനികളുമായി നിലവിലുള്ള കരാറുകൾ റദ്ദാക്കുകയും കൂടുതൽ നടപടികൾക്ക് ഒരുങ്ങുകയും ചെയ്യുകയാണ് ഇന്ത്യ എന്നാണ് സൂചന. ഇതോടെ തീവ്രവാദത്തിന് എതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന സന്ദേശമാണ് പാകിസ്ഥാനും അവരുടെ സഹായികൾക്കും നൽകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യ അവർക്കെതിരെ തിരിച്ചടിച്ചത്. പഹൽഗാമിൽ 26 പേരായിരുന്നു കൊല്ലപ്പെട്ടത്. പകരമായി ഇന്ത്യ പാക്, പാക് അധിനിവേശ കശ്‌മീർ എന്നിവിടങ്ങളിൽ ഭീകര ക്യാമ്പുകൾ തകർക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഈ ദൗത്യത്തിന് നൽകിയ പേര്. തുടർന്നാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായത്. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications