മൂന്നാം തരംഗത്തില്‍ ഇന്ത്യ? 75 ശതമാനം രോഗികളും മെട്രോകളില്‍, ദില്ലിയും മഹാരാഷ്ട്രയും മുന്നില്‍
ദില്ലി: ഇന്ത്യ മൂന്നാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്ന് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ ഡോ എന്‍കെ അറോറ. ഇന്ത്യയിലെ ഒമൈക്രോണ്‍ കേസുകളില്‍ നല്ലൊരു ഭാഗവും വന്‍ നഗരങ്ങളില്‍ നിന്നാണ്. ഇത് മൂന്നാം തരംഗത്തിന്റെ സൂചന കൂടിയാണ്. വന്‍ നഗരങ്ങളായ മുംബൈയും ദില്ലിയും കൊല്‍ക്കത്തയിലുമായിട്ടാണ് ഒമൈക്രോണിന്റെ 75 ശതമാനം കേസുകളും ഉള്ളതെന്ന് അദ്ദേഹം പറയുന്നു. ദില്ലിയിലും മുംബൈയിലും വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. ദില്ലിയില്‍ ഇന്നലെ 3194 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് ഇരുപതിന് ശേഷം ദില്ലിയില്‍ ഇത്രയും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. ആ സമയത്തായിരുന്നു ഇന്ത്യയില്‍ രണ്ടാം തരംഗം ആഞ്ഞടിച്ചത്.

മഹാരാഷ്ട്രയില്‍ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. മുബൈയില്‍ 8063 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വര്‍ധനവാണിത്. 6347 കേസുകളാണ് ശനിയാഴ്ച്ച മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയിലും മുംബൈയിലും ഉള്ള കേസുകളില്‍ അധികവും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തതാണ്. ഇത് തിരിച്ചറിയുക കഠിനം കൂടിയാണ്. ഇപ്പോഴത്തെ തരംഗത്തിന് പ്രധാന കാരണം ഒമൈക്രോണാണ്. മുംബൈയിലെ 89 ശതമാനം കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവയാണ്. ജനുവരിയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദില്ലിയിലാണ്. ഇത് ഓഗസ്റ്റ് മുതല്‍ നവംബര്‍ മാസങ്ങളില്‍ ദില്ലിയില്‍ രേഖപ്പെടുത്തിയ കേസുകളേക്കാള്‍ അധികമാണ്.
ജനുവരി ഒന്നിന് ദില്ലിയില്‍ 5910 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച്ച ഇത് 2716 ആയി കുറഞ്ഞു. ഞായറാഴ്ച്ച ഇത് വീണ്ടും കൂടി. 3194 കേസുകളായി ഉയരുകയായിരുന്നു. ഡിംസബറില്‍ കണ്ടെത്തിയ ഒമൈക്രോണിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് അറോറ പറയുന്നു. കഴിഞ്ഞ ആഴ്ച്ചത്തെ കണക്ക് നോക്കുമ്പോള്‍ കൊവിഡ് കേസുകളില്‍ പന്ത്രണ്ട് ശതമാനവും ഒമൈക്രോണായി ഉയര്‍ന്നിരുന്നു. അതിന് ശേഷം 28 ശതമാനമായി ഇപ്പോഴത് മാറിയിരിക്കുകയാണ്. വ്യാപനമെന്നത് വന്‍ തോതിലാണ്. വന്‍ നഗരങ്ങളില്‍ കേസുകളുടെ പോക്ക് അപകടത്തിലേക്ക്. ദില്ലിയില്‍ 75 ശതമാനത്തോളം കേസുകള്‍ ഒമൈക്രോണാണെന്ന് പറയേണ്ടി വരുമെന്ന് അറോറ പറഞ്ഞു. ഇന്ത്യ ഇതുവരെ 1700 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകളുള്ളത്. 510 രോഗികളാണ് ഇവിടുള്ളത്. പുതിയ കൊവിഡ് കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാം തരംഗം നമ്മുടെ പടിവാതില്‍ക്കല്‍ ഉണ്ടെന്ന് പറയാം. രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലൂടെയാണെന്നും എന്‍കെ അറോറ പറഞ്ഞു. ഈ മൂന്നാം തരംഗത്തെ നയിക്കുന്നത് ഒമൈക്രോണാണ്. കഴിഞ്ഞ് നാല് ദിവസത്തെ മാത്രം കണക്കെടുത്താല്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ഇതിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 15-18 വയസ്സിന് ഇടയിലുള്ളവര്‍ വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമല്ലെന്ന വാദവും അറോറ തള്ളി.
മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യത്തിന് സാധിക്കില്ലെന്ന് മനസ്സിലായെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. കടുത്ത നടപടികള്‍ സംസ്ഥാനത്ത് ഇനിയും നടപ്പാക്കുമെന്നും, ജനങ്ങള്‍ സഹകരിക്കണമെന്നും റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു. ഇതില്‍ പരാജയപ്പെട്ടാല്‍ ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ ഞായറാഴ്ച്ച 1187 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 10292 ആയി ഉയര്‍ന്നു. ഇതില്‍ 8671 കേസുകളും ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. ബംഗാളില്‍ 6153 പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 33 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
ഒമൈക്രോണ്‍ തരംഗമാണ് ദില്ലിയില്‍ കാണുന്നതെന്ന് വൈറളജിസ്റ്റ് ഷാഹിദ് ജമീല്‍ പറയുന്നു. ദില്ലിയിലെ ഭൂരിഭാഗം കേസുകളും ഒമൈക്രോണാണ്. മൊത്തം കേസിന്റെ 84 ശതമാനത്തോളം ഒമൈക്രോണാണ്. ടിപിആര്‍ ആറ് ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഒമൈക്രോണിന് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി വളരെ കൂടുതലാണെന്ന് എന്‍കെ അറോറ പറയുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ ഗുണം ചെയ്യുമോ എന്ന് പരിശോധിക്കുന്നുണ്ട്. എല്ലാവര്‍ക്കും ആദ്യ രണ്ട് ഡോസുകള്‍ നല്‍കുക എന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications