പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ താലിബാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യ; പാകിസ്ഥാന്‍ നോക്കിയിരുന്നോ
കാബൂള്‍: ജമ്മു കാശ്മീരില്‍ പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി ദിവസങ്ങള്‍ക്കകം താലിബാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ. താലിബാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ഖാന്‍ മുത്താഖിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞനായ ആനന്ദ് പ്രകാശാണ് കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് ആനന്ദ് പ്രകാശ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വച്ചായിരുന്നു ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയായിരുന്നു ചര്‍ച്ച. അഫ്ഗാനിസ്ഥാനില്‍ നല്ല നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ നിക്ഷേപകരെ അമീര്‍ഖാന്‍ ക്ഷണിക്കുകയും ചെയ്തു. അടുത്തകാലത്തായി ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ആശാവഹമായ പുരോഗതി കൈവരിച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടെ സമീപകാലത്തുണ്ടായ പ്രധാന സംഭവങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു അതേസമയം ചര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം, ചരക്ക് ഗതാഗതം, വിസ നടപടികള്‍, രാഷ്ട്രീയ ബന്ധം എന്നിവയാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലേക്കും സുഗമമായി യാത്ര ചെയ്യാന്‍ കഴിയണമെന്നും അഫ്ഗാനിസ്ഥാനിലുള്ള രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാതെ വിസ ലഭിക്കണമെന്നും താലിബാന്‍ മന്ത്രി ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണെന്നും വിവിധ മേഖലകളില്‍ ഈ ബന്ധം വികസിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതായി താലിബാന്‍ മന്ത്രി അവകാശപ്പെട്ടു. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള സഹകരണം തുടരുമെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ആനന്ദ് പ്രകാശ് പറഞ്ഞതായി അമീര്‍ഖാന്‍ പറഞ്ഞു. അതേസമയം താലിബാനുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇരുവരും കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം എക്‌സിലൂടെ അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ടു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ താലിബാന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ അനുശോചനം അറിയിക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ പ്രാദേശിക സുരക്ഷയെയും രാജ്യത്തിന്റെ അഖണ്ഡതയെയും ബാധിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു
ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര, നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന്റെ ഭാഗമായി അട്ടാരി-വാഗ അതിര്‍ത്തി അടയ്ക്കാനാണ് തീരുമാനം. വ്യാപാരത്തിനായി അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന കര പാതയാണിത്. ഡ്രൈ ഫ്രൂട്ട്‌സ് ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഈ പാതയിലൂടെയാണ്. അഫ്ഗാനെ സംബന്ധിച്ച് ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗങ്ങളില്‍ ഒന്നാണിത്.
500 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരമാണ് ഈ പാതയിലൂടെയുള്ള ചരക്കു നീക്കത്തിലൂടെ നടക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പറഞ്ഞു.
ഈ റൂട്ട് തുടര്‍ച്ചയായി അടച്ചിടുന്നതില്‍ അഫ്ഗാനിസ്ഥാനിലെ ഡ്രൈ ഫ്രൂട്ട്‌സ് വ്യാപാരികള്‍ കടുത്ത ആശങ്കയിലാണ്. ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റിലെ ബോര്‍ഡ് അംഗമായ ഖാന്‍ ജാനാണ് ആശങ്ക പങ്കുവെച്ചത്. 'നിര്‍ഭാഗ്യവശാല്‍ അട്ടാരി അതിര്‍ത്തി അടച്ചിട്ടതിലൂടെ ഇന്ത്യയുമായുള്ള ഞങ്ങളുടെ വ്യാപാരം പൂര്‍ണമായും നിലച്ചിരിക്കുന്നു. ഇപ്പോള്‍ ഡ്രൈ ഫ്രൂട്ട്‌സിന്റെ സീസണാണ്, രണ്ട് മാസത്തിനുള്ളില്‍ ഫ്രഷായിട്ടുള്ള പഴങ്ങളുടെ സീസണ്‍ വരും. അപ്പോഴേക്കും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'.
അഫ്ഗാനിസ്ഥാനില്‍ ഉല്‍പാദിപ്പിക്കുന്ന ഡ്രൈ ഫ്രൂട്ട്‌സില്‍ ഭൂരിഭാഗവും അട്ടാരി വഴിയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കയറ്റുമതിക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത് കാര്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് അഫ്ഗാന്‍ ഡ്രൈ ഫ്രൂട്ട് എക്സ്പോര്‍ട്ടേഴ്സ് യൂണിയന്‍ പറഞ്ഞു.
മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും ആനന്ദ് പ്രകാശ് കൂടിക്കാഴ്ച്ച നടത്തി. പ്രാദേശിക സാഹചര്യത്തെക്കുറിച്ചും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ യുവാക്കള്‍ക്ക് ഇന്ത്യ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്ന് കര്‍സായി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കമെന്നും കര്‍സായി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications