പറക്കുന്ന വിമാനത്തില്‍ വച്ച് സെല്‍ഫി പ്രേമം; യുവാവ് അറസ്റ്റില്‍
മുംബൈ: വിമാനയാത്രാമധ്യേ എയര്‍ഹോസ്റ്റസിനെ നിര്‍ബന്ധിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഗുജറാത്തില്‍ നിന്നുള്ള 29കാരനായ മുഹമ്മദ് അബൂബക്കറാണ് എയര്‍ഹോസ്റ്റസിനെ സെല്‍ഫിയെടുക്കുന്നതിനായി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായത്. ജെറ്റ് എയര്‍വേയ്‌സിന്റെ ദമാം- മുംബൈ വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദമാമില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടനെ സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി. യാത്രക്കിടെ പലപ്പോഴും ഇയാള്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. സെല്‍ഫിയെടുക്കാന്‍ തയ്യാറല്ലെന്നറിയിച്ചിട്ടും മുഹമ്മദ് തോളില്‍പ്പിടിച്ച് നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പോസ് ചെയ്യിച്ചുവെന്നും എയര്‍ഹോസ്റ്റസ് പരാതിയില്‍ പറയുന്നു. ബഹളം വെച്ചതിനെ വിമാനത്തിലെ മറ്റ് ജീവനക്കാര്‍ എത്തിയപ്പോള്‍ ടോയ്‌ലറ്റിനുള്ളില്‍ കടന്ന ഇയാള്‍ ഉള്ളില്‍വച്ച് പുകവലിച്ച ശേഷമാണ് പുറത്തുവന്നത്.

വിമാനത്തിനുള്ളില്‍ കടക്കുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനയില്‍ ഇയാളില്‍ നിന്ന് സിഗരറ്റ് ഉള്‍പ്പെടെയുള്ളവയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് നിയമം ലംഘിച്ച് ടോയ്‌ലെറ്റിനുള്ളില്‍ വച്ച് പുകവലിച്ചതുമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്.
ദമാമിലെ ഹോട്ടലിലെ ജോലിക്കാരനാണെന്ന് അവകാശപ്പെടുന്ന യുവാവ് താന്‍ തമാശക്കാണ് സെല്‍ഫിയെടുത്തതെന്നാണ് പോലീസിനോട് പറഞ്ഞത്. ഗുജറാത്തിലേക്ക് പോകേണ്ടിയിരുന്ന ഇയാളെ എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ശേഷം പോലീസിന് കൈമാറും.












Click it and Unblock the Notifications