ഐഎന്‍എല്‍ഡി ഹരിയാന പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു; സര്‍ക്കാരിനെതിരെ പ്രതിപക്ഷം
ചണ്ഡീഗഢ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ (ഐ എന്‍ എല്‍ ഡി) ഹരിയാന പ്രസിഡന്റും മുന്‍ എം എല്‍ എയുമായ നഫെ സിംഗ് റാത്തി കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം റാത്തിയുടെ വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിവെപ്പ് നടത്തിയിരുന്നു. വെടിയേറ്റാണ് റാത്തി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു പാര്‍ട്ടി നേതാവും മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജജ്ജാര്‍ ജില്ലയില്‍ വെച്ചായിരുന്നു സംഭവം. ഹ്യുണ്ടായ് ഐ10 കാറിലെത്തിയ അക്രമികള്‍ റാത്തിയുടെ കാറിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം അക്രമികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ബ്രഹ്‌മ ശക്തി സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഫേ സിംഗ് റാത്തിക്ക് ഒന്നിലധികം തവണ വെടിയേറ്റതായി ഡോ മനീഷ് ശര്‍മ്മ പറഞ്ഞു.

വെടിവെപ്പില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ തോളിലും നെഞ്ചിലും തുടയിലും വെടിയേറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഐ എന്‍ എല്‍ ഡിയുടെ മീഡിയ സെല്‍ മേധാവി രാകേഷ് സിഹാഗ് ആണ് നഫേ സിംഗ് റാത്തിയുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണം നടന്ന ബഹദൂര്‍ഗഡിലെ മുന്‍ എം എല്‍ എയാണ് റാത്തി. അതേസമയം ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ജാഗ്രതയിലാണ്.
സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സമീപത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും (സിഐഎ) എസ്ടിഎഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ജജ്ജാര്‍ എസ്പി അര്‍പിത് ജെയിന്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെപ്പോലും വെറുതെ വിടില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയും ഇയാളുടെ അടുത്ത അനുയായിയായ കലാജാതിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നു. അതേസമയം ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. മാസങ്ങള്‍ക്ക് മുമ്പ് താന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഫേ സിംഗ് റാത്തിക്ക് സുരക്ഷ നല്‍കിയില്ലെന്ന് ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാല അവകാശപ്പെട്ടു.
സംഭവത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഹരിയാന നിയമസഭയില്‍ രണ്ടുതവണ നിയമസഭാംഗമായിരുന്നു നഫേ സിങ് റാത്തി. ഹരിയാന മുന്‍ ലെജിസ്ലേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായിരുന്നു. ഒരിക്കല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റോഹ്തക് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച റാത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ഒരാളാണ്.
ബഹദൂര്‍ഗഡ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായും അദ്ദേഹം രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹരിയാന മുന്‍ മന്ത്രി മംഗേ റാം റാത്തിയുടെ മകന്‍ ജഗദീഷ് റാത്തി ആത്മഹത്യ ചെയ്തപ്പോള്‍ നഫേ സിംഗിന്റെ പേര് പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് റാത്തിക്കും അനന്തരവന്‍ സോനുവിനുമെതിരെ പീഡന ആരോപണം ഉയര്‍ന്നിരുന്നു. 2023 ജനുവരി 24 ന് റാത്തിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുക.യും ചെയ്തിരുന്നു.












Click it and Unblock the Notifications