അമേരിക്കയെ മലർത്തിയടിച്ച് ഒരു കുഞ്ഞന്‍ ആഫ്രിക്കൻ രാജ്യം:ഇന്ത്യയില്‍ യുഎഇക്കും ഇറാഖിനുമൊപ്പം കുതിപ്പ്
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ അമേരിക്കയ്ക്ക് തിരിച്ചടി. സ്ഥിരമായി ആദ്യ അഞ്ചില്‍ ഉണ്ടായിരുന്ന അമേരിക്ക ഡിസംബറിലെ ഇറക്കുമതി കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ആറാം സ്ഥാനത്തേക്ക് പുറത്തള്ളപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നും ഉണ്ടായ വലിയ തോതിലുണ്ടായ ഇറക്കുമതിയാണ് അമേരിക്കയുടെ സ്ഥാനം നഷ്ടപ്പെടുത്തിയത്.
റഷ്യയില്‍ നിന്നുമുള്ള ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞെങ്കിലും 2024 ന്റെ അവസാന മാസത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളിയായി റഷ്യ തുടരുകയാണ്. എനർജി കാർഗോ ട്രാക്കിംഗ് സ്ഥാപനമായ വോർടെക്‌സയുടെ കണക്കനുസരിച്ച് ഡിസംബറില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 31 ശതമാനമാണ് റഷ്യയുടെ വിഹിതം. റഷയിയില്‍ നിന്നുള്ള ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിഹിതമാണ് ഇത്.

തുടർച്ചയായ രണ്ടാം മാസമാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവുണ്ടാകുന്നത്. വിലക്കിഴിവില്‍ കുറവുണ്ടായതോടെയാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇടിയാന്‍ തുടങ്ങിയത്. 2022 ലെ യുക്രൈന്‍ അധിനിവേശ സമയത്ത് പശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് ഏർപ്പെടുത്തിയതോടെ വലിയ തോതില്‍ വിലക്കിഴിവ് നല്‍കി കൊണ്ടായിരുന്നു റഷ്യ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയിലെ ഏറ്റവും വലിയ വിതരക്കാരായി മാറിയത്.
റഷ്യക്ക് പുറമേ അമേരിക്കയ്ക്കും ഡിസംബറില്‍ ഇന്ത്യയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നു. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 1 ശതമാനം മാത്രമാണ് ഡിസംബറില്‍ അമേരിക്കയില്‍ നിന്നും വന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുള്‍പ്പെടെ 8 ശതമാനത്തോളമായിരുന്നു അമേരിക്കയുടെ വിഹിതം. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യു എ ഇ എന്നിവർക്ക് ശേഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്ന രാജ്യമായിരുന്നു അമേരിക്ക. ഇതാണ് ഇപ്പോള്‍ അംഗോള മറികടന്നിരിക്കുന്നത്.
'2024 ഡിസംബറിൽ, റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അംഗോള എന്നിവർ ഇന്ത്യയിലെ അഞ്ച് പ്രധാന വിതരണക്കാരായി മാറി. അംഗോള അമേരിക്കയെ മറികടന്ന് ആദ്യ അഞ്ചിലേക്ക് ഉയർന്നുവെന്നതാണ് ശ്രദ്ധേയമാ കാര്യം. റഷ്യൻ ക്രൂഡ് കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യൻ റിഫൈനർമാർ ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ ഉൽപ്പാദകരിലേക്ക് തിരിഞ്ഞു. ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയില്‍ കഴിഞ്ഞ വർഷം 2 ശതമാനം ഉയർന്നു. അതായത് 2024 ൽ 4.57mbd ആയിരുന്നു ഇന്ത്യയുടെ ഇറക്കുമതി. അതേസമയം, ഡിസംബറിലെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി പ്രതിദിനം 4% വർദ്ധിച്ച് 4.46 ദശലക്ഷം ബാരലായി.' വോർടെക്സയിലെ മാർക്കറ്റ് അനലിസ്റ്റ് സേവ്യർ ടാങ് വ്യക്തമാക്കുന്നു.
ഡിസംബറിൽ ഇന്ത്യ പ്രധാനമായും ഇറാഖിൽ നിന്നുള്ള ഇറക്കുമതിയാണ് വലിയ തോതില്‍ വർധിപ്പിച്ചിരിക്കുന്നത്. നംവബംറില്‍ ആകെ ഇറക്കുമതിയുടെ 16 ശതമാനമായിരുന്നു ഇറാഖിന്റെ വിഹിതമെങ്കില്‍ ഡിസംബറില്‍ ഇത് 23 ശതമാനമായി ഉയർന്നു. മറ്റ് പ്രധാന പരമ്പരാഗത വ്യാപര പങ്കാളികളായ സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ഇറക്കുമതി യഥാക്രമം 13 ശതമാനവും 10 ശതമാനവുമാണ്. നവംബറിൽ 36% ആയിരുന്ന റഷ്യന്‍ വിഹിതമാണ് ഡിസംബറിൽ 31% ആയി കുറഞ്ഞത്. വലിയ തോതില്‍ വിലക്കിഴിവ് ലഭിച്ചതോടെ ഒരു ഘട്ടത്തിൽ, റഷ്യയുടെ വിഹിതം 44 ശതമാനം വരെ ഉയർന്നിരുന്നു.












Click it and Unblock the Notifications