ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് വിവാദം; യൂട്യൂബിലെ 'അശ്ലീല ഉള്ളടക്കം' നിയന്ത്രിക്കണം, കേന്ദ്രത്തോട് സുപ്രീം കോടതി
ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേയും യുട്യൂബിലേയും അശ്ലീ ഉളളടക്കങ്ങൾ കേന്ദ്രസർക്കാർ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. ചില ചാനലുകളുൾ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുകയാണെന്ന ആശങ്കയും കോടതി പങ്കുവെച്ചു. 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.
'യുട്യൂബർമാരുടെ വിവാദം ഉണ്ടായിരുന്നല്ലോ. കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടണം. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായാൽ അത് ഞങ്ങളെ സംബന്ധിച്ച് സന്തോഷമാണ്. അല്ലെങ്കിൽ ഈ യൂട്യൂബ് ചാനലുകൾ ദുരുപയോഗം ചെയ്യുന്ന രീതിയിൽ ഈ ഇടം നിയന്ത്രിക്കാതെ വെറുതെ വിടാൻ ഞങ്ങൾക്ക് സാധിക്കില്ല ', ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വിഷയം അവഗണിക്കരുതെന്ന് നിർദ്ദേശിച്ച കോടതി കേസിൽ അടുത്ത വാദം കേൾക്കുമ്പോൾ അറ്റോണി ജനറലും സോളിസിറ്റർ ജനറലും ഉണ്ടാകണമെന്നും നിർദേശിച്ചു.

അതിനിടെ യുട്യൂബർ റൺവീർ അലബാദിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കൂടുതൽ കേസുകൾ ഇയാൾക്കെതിരെ ഫയൽ ചെയ്യാൻ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ കഴിയില്ലെന്നും പാസ്‌പോർട്ട് പോലീസ് സ്റ്റേഷനനിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന റൺവീറിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.
അതേസമയം ഹർജി പരിഗണിക്കവെ റൺവീർ അലബാദിയയ്ക്കെതിരെ കോടതി അതിരൂക്ഷവിമർശനം ഉയർത്തി. റൺവീറിന്റെ പ്രതികരണം തികച്ചും അനുചിതവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അയാളുടെ മനസിൽ വൃത്തികെട്ട എന്തോ ചിന്ത ഉണ്ടായിരുന്നു.അത് അയാൾ ആ പരിപാടിക്കിടെ ഛർദ്ദിച്ചു. അയാളുടെ വാക്കുകളിലും പ്രവൃത്തിയിലും അയാളുടെ മാതാപിതാക്കളും സമൂഹവും ലജ്ജിക്കണമെന്നും കോടതി പറഞ്ഞു.
പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ബിയര്‍ബൈസെപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ റൺവീർ അലബാദിയ വിവാദ പരാമർശം നടത്തിയത്. മാതാപിതാക്കളുടെ ലൈംഗിതയുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. പരാമർശത്തിൽ രൂക്ഷവിമർശനമാണ് റൺവീറിന് നേരിടേണ്ടി വന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ റൺവീർ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ വീഡിയോ പിന്നീട് യുട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു. പരിപാടിക്കിടെ കേരളത്തിനെതിരെ നടത്തിയ പരാമർശങ്ങളും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.












Click it and Unblock the Notifications