യാദവ ഇതര ഒബിസി വോട്ടുകൾ ആരെ തുണയ്ക്കും? അഞ്ചാം ഘട്ടത്തിൽ ബിജെപിക്ക് വെല്ലുവിളി
ദില്ലി; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൗസാമ്പി ജില്ലയിലുള്ള സിരതു. യാദവ ഇതര പിന്നാക്ക വിഭാഗങ്ങൾക്കും ജാതവ ഇതര ദളിത് വിഭാഗങ്ങൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ഇത്. 2012 ലും 2017 ലും മണ്ഡലത്തിൽ വൻ വിജയമായിരുന്നു ബി ജെ പി ഇവിടെ നേടിയത്. ഇക്കുറി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി.

ലോക്‌നീതി-സി എസ് ഡി എസ് സർവേ കണക്കുകൾ പ്രകാരം 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യാദവ ഇതര ഒ ബി സി വോട്ടുകൾ 20 ശതമാനത്തിൽ താഴെ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചിരുന്നത്. എന്നാൽ 2017 ൽ ഇത് കുത്തനെ ഉയർന്നു. 2012 ൽ മേഖലയിലെ 5 മണ്ഡലങ്ങളിൽ നിന്നായി 13 ശതമാനമായിരുന്നു ബി ജെ പിക്ക് ലഭിച്ച വോട്ടുകൾ. 2017 ൽ അത് 37 ശതമാനമായി. അതേസമയം 41 ശതമാനം വോട്ടുകൾ നേടിയ സമാജ്വാദി പാർട്ടിയുടെ വോട്ടുകൾ കുത്തനെ കുറഞ്ഞു. ബി എസ് പിയും കോൺഗ്രസും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

കർമി സമുാദയത്തെ പ്രതിനിധാനം ചെയ്യുന്ന അപ്നാ ദൾ, ബിന്ദ , മല്ല സമുദായങ്ങളുടെ നിഷാദ് പാർട്ടി, ഭർ, രാജ്ഭർ സമുദായങ്ങളുടെ ഒപി രാജ്ഭറിന്റെ സുഹേൽദേവ് രാജ്ഭർ ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) തുടങ്ങിയ ചെറു പാർട്ടികളുമായുള്ള സഖ്യമായിരുന്നു മണ്ഡലത്തിലെ മുന്നേറ്റത്തിന് ബി ജെ പിയെ സഹായിച്ചത്. എന്നാൽ വിവിധ ജാതികളെ പ്രതിനിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ ഇക്കുറി സമാജ്വാദി പാർട്ടിക്കൊപ്പമാണ്.

അപ്നാദൾ (എസ്- കൂർമി സമുദായം ), നിഷാദ് പാർട്ടി ( നിഷാദ്, ബിന്ദ, മല്ല സമുദായങ്ങൾ), ഭാരതീയ മാനവ് സമാജ് പാർട്ടി ( ബിന്ദ്, കാശ്യപ് ,മല്ല സമുദായങ്ങൾ ) എന്നീ സംഘടനകളാണ് ബി.ജെ.പി യോടൊപ്പം ഉള്ളത്. അതേസമയം അപ്നാദൾ വിമത വിഭാഗം (കൂർമി സമുദായം), സുഹൽദേവ് രാജ് ഭർ ഭാരതീയ സമാജ് പാർട്ടി ( ഭർ, രാജ്ഭർ സമുദായങ്ങൾ), മഹാൻ ദൾ ( മൗര്യ, കുശ്‌വാഹ, ശാക്യ സമുദായങ്ങൾ), ജനവാദി പാർട്ടി (എസ്- നോനിയ സമുദായം), ഭാഗിദാരി പാർട്ടി (കുംഹാർ സമുദായം), ഭാരതീയ വഞ്ചിത് സമാജ് പാർട്ടി (കശ്യപ് ,നിഷാദ്, മല്ല സമുദായങ്ങൾ), പ്രഗതിശീൽ സമാജ് വാദി പാർട്ടി ( യാദവ്, മറ്റ് ഒ.ബി.സി വിഭാഗങ്ങൾ), ജനതാ ക്രാന്തി പാർട്ടി (നോനിയ സമുദായം), രാഷ്ട്രീയ ഉദയ് പാർട്ടി(പാൽ, ഭാഗേൽ സമുദായങ്ങൾ), ക്വാമി ഏകതാദൾ (മുസ്ലിം സമുദായം), സമാധാൻ പാർട്ടി(മുസ്ലിം) എന്നീ സമുദായ സംഘടനകളാണ് എസ്പയുമായി സഖ്യം ചേർന്നത്.

സിറുതുവിൽ മാത്രമല്ല അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുന്ന 60 മണ്ഡലങ്ങളിൽ ഏറിയ ഇടങ്ങളിലും ഈ ജാതി പാർട്ടികൾക്ക് നിർണായക സ്വാധീനം ഉണ്ടെന്നത് ബിജെപിയെ വലിയ രീതിയിൽ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതേസമയം ബ്രാഹ്മണ വിഭാഗത്തിനും വലിയ സ്വാധീനം ഈ മണ്ഡലങ്ങളിൽ ഉണ്ട്. ഉദാഹരണത്തിന് സിറാത്തുവിൽ മാത്രം ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്ന് ബ്രാഹ്മണ സമുദായാംഗങ്ങളാണ്. പ്രയാഗ്‌രാജ് ജില്ലയിലെ ചില അസംബ്ലി സീറ്റുകളിലും വലിയൊരു വിഭാഗം ബ്രാഹ്മണ വോട്ടർമാരുണ്ട്.

2017 ൽ യുപിയിൽ ബിജെപിയെ അധികാരത്തിലേറ്റുന്നതിൽ ബ്രാഹ്മണ സമുദായത്തിന് നിർണായക പങ്കുണ്ടായിരുന്നു. സമുദായത്തിലെ 80 ശതമാനം വോട്ടുകളും കഴിഞ്ഞ തവണ ബിജെപിയ്ക്കാണ് ലഭിച്ചതെന്നാണ് കണക്കുകൾ. എന്നാൽ ഇക്കുറി ബ്രാഹ്മണ വോട്ടുകളിൽ വലിയ നഷ്ടം ബി ജെ പിക്ക് സംഭവിച്ചേക്കാമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഠാക്കൂർ വിഭാഗക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ തങ്ങളുടെ ഒതുക്കുകയാണെന്ന വികാരം സമുദായാംഗങ്ങൾക്കുണ്ട്. മാത്രമല്ല സർക്കാരിലും മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനവും അംഗങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ ബ്രാഹ്മണ വോട്ടുകളിൽ വിള്ളൽ വീഴുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
Recommended Video
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്












Click it and Unblock the Notifications