വിജയ് വന്നു, അജിത് വരും; ജയലളിത ആശിച്ചിരുന്നു, നരസിംഹ ഉദ്ദേശിച്ചത് ആരെ, തമിഴകത്ത് വീണ്ടും ചര്‍ച്ച
ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശം മറ്റുചില ചര്‍ച്ചകള്‍ക്ക് കൂടി തമിഴകത്ത് തുടക്കമിട്ടിരിക്കുകയാണ്. ടിവികെയും ഡിഎംകെയും തമ്മിലാകും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന മല്‍സരം എന്നാണ് വിജയ് മധുര സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഇതോടെ എഐഎഡിഎംകെ അപ്രസക്തമാകുകയാണോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.
ഡിഎംകെയില്‍ നിന്ന് രാജിവച്ച് എംജിആര്‍ തുടക്കമിട്ട എഐഎഡിഎംകെ നിരവധി വര്‍ഷങ്ങള്‍ തമിഴ്‌നാട് ഭരിച്ചിട്ടുണ്ട്. പാര്‍ട്ടി രൂപീകരിച്ച പിന്നാലെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി എംജിആര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുകയായിരുന്നു. മരണം വരെ അദ്ദേഹം രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത നേതാവായി തുടരുകയും ചെയ്തു.

എംജിആറിന്റെ വിയോഗ ശേഷമാണ് ജയലളിത എഐഎഡിഎംകെയുടെ ചുക്കാന്‍ ഏറ്റെടുത്തത്. ഇതോടെ വീണ്ടും പാര്‍ട്ടിയുടെ പടയോട്ടം തുടങ്ങി. ഡിഎംകെയും എഐഎഡിഎംകെയും മാറി മാറി തമിഴ്‌നാട് ഭരിച്ചു. ജയലളിതയുടെ വിയോഗ ശേഷം എഐഎഡിഎംകെ പല കഷ്ണങ്ങളായി. എടപ്പാടി പളനിസ്വാമിക്ക് കീഴിലാണ് ഔദ്യോഗിക വിഭാഗം എങ്കിലും ഒ പനീര്‍ശെല്‍വത്തിന് ഒപ്പവും ശശികലയ്ക്ക് കീഴിലും ഇന്ന് അണികളുടെ കൂട്ടമുണ്ട്.
ഈ വേളയിലാണ് വിജയ് ടിവികെ രൂപീകരിച്ച്, സിനിമാ അഭിനയം നിര്‍ത്തിവച്ച് രാഷ്ട്രീയത്തില്‍ നിറയുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ഭരണം പിടിക്കുമെന്നും വിജയ് പറയുന്നു. എംജിആറിന്റെ കാലത്ത് നിന്ന് എഐഎഡിഎംകെ ഇപ്പോള്‍ വളരെ മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐഎഡിഎംകെ ബിജെപിക്കൊപ്പം നില്‍ക്കുന്നതിനാല്‍ അവരുമായി സഖ്യമില്ല എന്നാണ് വിജയുടെ നിലപാട്.
ജയലളിതയുടെ താല്‍പ്പര്യം ഇതായിരുന്നു
തനിക്ക് ശേഷം ആര് എഐഎഡിഎംകെ നേതൃത്വം ഏറ്റെടുക്കണം എന്ന് ജയലളിതയ്ക്ക് ചില താല്‍പ്പര്യങ്ങളുണ്ടായിരുന്നുവത്രെ. നടന്‍ അജിത് പാര്‍ട്ടിയില്‍ എത്തിയാല്‍ നന്നാകുമെന്ന് ജയലളിത അഭിപ്രായപ്പെട്ടു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിജയ് എത്തിയതോടെ ഇനി അജിതും വരുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ 2029ല്‍ അദ്ദേഹം തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടാകുമെന്ന് ചില ആരാധകര്‍ പ്രവചിക്കുന്നു.
എഐഎഡിഎംകെയോ അജിത്തോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് ജയലളിതയുടെ അടുപ്പക്കാരനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കാലചക്രം നരസിംഹയുടെ അഭിമുഖം വൈറലായിരിക്കുന്നത്. ജയലളിത തന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്ന സൂചിപ്പിച്ചാണ് നരസിംഹ പ്രതികരിക്കുന്നത്. എന്നാല്‍ അജിതിന്റെ പേര് അദ്ദേഹം എടുത്തു പറയുന്നുമില്ല.
''ഒരു തമിഴ് നടനില്‍ ജയലളിതയ്ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം, സ്വാഭാവം, ജനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയെല്ലാമാണ് ജയലളിതയെ ആകര്‍ഷിച്ചത്. എഐഎഡിഎംകെയില്‍ ചേരേണ്ട വ്യക്തിയാണ് ആ നടന്‍ എന്നും ജയലളിത പറഞ്ഞിരുന്നു. എന്നാല്‍ നടന് താല്‍പ്പര്യമുണ്ടോ എന്ന് ജയലളിതയ്ക്ക് അറിയില്ലായിരുന്നു. ജയലളിതയ്ക്ക് ശേഷം ആര് എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുക്കുമെന്ന ചര്‍ച്ച വന്നപ്പോഴാണ് ഇക്കാര്യം ജയലളിത തന്നോട് പറഞ്ഞതെന്നും'' നരസിംഹ വിശദീകരിച്ചു.












Click it and Unblock the Notifications