മധ്യപ്രദേശില്‍ പാരയാകുമോ ഇന്ത്യ സഖ്യം; 92 സീറ്റില്‍ കോണ്‍ഗ്രസിന്റെ വഴിമുടക്കി? നേതൃത്വത്തിന് ഭയം!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാത്ത പുതിയ പ്രശ്‌നങ്ങള്‍. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആകെ താളം തെറ്റിയിരിക്കുകയാണ്. ഇന്ത്യ സഖ്യത്തെ ഇവിടെ നേരിടേണ്ടി വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികളായ ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ജെഡിയു, എന്നിങ്ങനെയുള്ള മൂന്ന് പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത്.
മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 92 എണ്ണത്തില്‍ കുറഞ്ഞത് ഇവര്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ജയസാധ്യതയെ പോലും ഇത് ബാധിക്കുമെന്ന് ഉറപ്പാണ്. ഈ 92 മണ്ഡലങ്ങളില്‍ 26 എണ്ണത്തില്‍ എസ്പിയും ആംആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുന്നുണ്ട്. മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് എഎപിയില്‍ നിന്നും ജെഡിയുവില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ട്.

ഇന്ത്യ സഖ്യത്തില്‍ സംസ്ഥാന തലത്തിലേക്കുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു സമവായം ഉണ്ടായിട്ടില്ല. സീറ്റ് വിഭജനം പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് മറ്റ് കക്ഷികള്‍ പറയുന്നു. അതിനായി പൊതു തെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലും ഒന്നായി നിന്ന് മത്സരിക്കാമെന്നാണ് ഇവര്‍ പറയുന്നത്.
ചതാര്‍പൂര്‍ ജില്ലയിലെ രാജ്‌നഗറില്‍ അത്തരത്തിലൊരു പോരാട്ടം നടക്കുന്നുണ്ട്. ഇവിടെ നാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. ഈ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചത് 732 വോട്ടിനാണ്. അങ്ങനെയുള്ള മണ്ഡലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ കഥ കഴിക്കാനാണ് സാധ്യത. 2018ല്‍ രാജ്‌നഗറില്‍ 23789 വോട്ടാണ് എസ്പി പിടിച്ചത്. സംസ്ഥാനത്ത് നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ച 9 മണ്ഡലങ്ങളിലൊന്നാണിത്.
ഇത്തവണ അതിനെ മറികടന്ന് വിജയിക്കുമോ എന്ന് കണ്ടറിയണം. അതുപോലെ ഗ്വാളിയോര്‍ സൗത്തില്‍ 121 വോട്ടിനാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇത്തവണ എഎപി ഇവിടെ മത്സരിക്കുന്നുണ്ട്. ജബല്‍പൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ് 578 വോട്ടിനാണ് വിജയിച്ചത്. ഇവിടെ ജെഡിയു ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.ആറോളം സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇവര്‍ ഇല്ലാതാക്കാനാണ് സാധ്യത. 2018ല്‍ നേരിയ മാര്‍ജിനില്‍ വിജയിച്ച മണ്ഡലമാണിത്.
മെയ്ഹാറില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ ബിജെപിയോട് തോറ്റത് 2984 വോട്ടിനാണ്. എസ്പി ഇവിടെ നേടിയത് 11202 വോട്ടാണ്. എഎപി 1795 വോട്ടും നേടി. ഇത്തവണ ഇവര്‍ രണ്ടും രംഗത്തുണ്ട്. സിംഗ്രോലിയാണ് മറ്റൊരു സീറ്റ്. 3726 വോട്ടിനാണ് ഈ സീറ്റ് കോണ്‍ഗ്രസ് കൈവിട്ടത്. എഎപി ഇവിടെ 32167 വോട്ടും, എസ്പി 4680 വോട്ടുമാണ് പിടിച്ചത്. എഎപിക്ക് ഇത്തവണ 70 സ്ഥാനാര്‍ഥികളും, എസ്പിക്ക് 43 സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.












Click it and Unblock the Notifications