യുദ്ധത്തിന് ആരാണ് ധനസഹായം നല്‍കുന്നത്, ആരാണ് നേട്ടം കൊയ്യുന്നത്?
യുദ്ധം എല്ലാവര്‍ക്കും ദോഷകരമാണ് എന്നാണ് നമ്മളെല്ലാവരും കുട്ടിക്കാലം തൊട്ട് പഠിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുദ്ധം എല്ലാവര്‍ക്കും ദോഷമല്ല സൃഷ്ടിക്കുന്നത്. ഏത് യുദ്ധങ്ങള്‍ക്കിടയിലും ലാഭം കൊയ്യുന്ന ചില വിഭാഗം ആള്‍ക്കാരുണ്ട്. തോക്കുകള്‍ അടക്കം വിനാശകരമായ ആയുധങ്ങളുടെ വില്‍പന തുടര്‍ച്ചയായി 17 വര്‍ഷമായി ആഗോളതലത്തില്‍ കുതിച്ചുയരുകയാണ്.
വര്‍ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നാശം മാത്രമല്ല, മാന്ദ്യം, വന്‍തോതിലുള്ള തൊഴിലില്ലായ്മ, ഗുരുതരമായ പാരിസ്ഥിതിക നാശം എന്നിവയ്ക്കും കാരണമായിട്ടുണ്ട്. ഇതെക്കെയാണെങ്കിലും ആയുധ നിര്‍മാതാക്കള്‍ക്കും വില്‍പനക്കാര്‍ക്കും യുദ്ധം നേട്ടം തന്നെയാണ് സമ്മാനിക്കുന്നത്. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം, ഗാസ മുനമ്പിലെ 2.3 ദശലക്ഷം ആളുകള്‍ക്ക് ജീവിതത്തിന് അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതിയും വെള്ളവുമില്ല.

ഇതിനകം തന്നെ തകര്‍ന്ന രാജ്യത്തെ സാമ്പത്തികമായി തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് ഇത്. എന്നാല്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ അവര്‍ക്കുണ്ടായ നഷ്ടം ഇതിനകം നികത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള മിക്ക ഓഹരി വിപണികളും മികച്ച രീതിയിലാണ് വ്യാപാരം നടത്തുന്നത്. ഈ ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റോപ്പ് ഗ്രുമ്മാന്‍ എന്നിവരുടെ ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ഒക്ടോബര്‍ 9 ന് യുദ്ധം ആരംഭിച്ചതിന് ശേഷം ലോക്ഹീഡ് മാര്‍ട്ടിന്റെ ഓഹരി വില ഏകദേശം 9 ശതമാനം കുതിച്ചുയരുകയും നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ ഓഹരികള്‍ 12% കുതിച്ചുയരുകയും ചെയ്തു. 2009 മുതല്‍ യുഎസ് 169 രാജ്യങ്ങളിലേക്ക് 444 ബില്യണ്‍ ഡോളറിലധികം ആയുധ വില്‍പ്പന നടത്തിയിട്ടുണ്ട് എന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ന്യൂസ് വയറില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നത്.
100 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള അമേരിക്കന്‍ ആയുധ നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, യുദ്ധങ്ങളിലും അധിനിവേശങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന എഫ്-35 യുദ്ധവിമാനങ്ങള്‍, സിക്കോര്‍സ്‌കി, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. നോര്‍ത്ത്റോപ്പ് ഗ്രമ്മന് 70 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണുള്ളത്.
ഇവര്‍ യുഎസ് നാവികസേനയ്ക്കായി സിംഗിള്‍-ഷോട്ട്-വണ്‍-കില്‍ പീരങ്കി ഷെല്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൈന ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും ഈ ആയുധവ്യാപാരികള്‍ക്ക് തായ്വാനിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഏറ്റവും പുതിയ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ വന്‍ ഡിമാന്‍ഡുണ്ട്. ലോകനേതാക്കള്‍ യുദ്ധത്തെ അപലപിക്കുന്നുണ്ടെങ്കിലും കാര്യമായ ഒന്നും സംഭവിക്കുന്നില്ല.
ഒരുപക്ഷേ, മുന്‍കാലങ്ങളില്‍ നേതാക്കള്‍ സംസാരിച്ച മതേതര കാഴ്ചപ്പാടുകളിലൂന്നി ശക്തമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. യുദ്ധത്തിന്റെ കാര്യത്തില്‍ മുന്നറിയിപ്പുകള്‍ കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഉപരോധങ്ങള്‍ പ്രായോഗികമായി കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കൂ. ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍, മതേതര വക്താക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഒരു വെല്ലുവിളിയായിരിക്കാം.
എങ്കിലും ദശലക്ഷക്കണക്കിന് നിരപരാധികളുടെ മരണത്തെയും കുടിയിറക്കത്തെയും അപേക്ഷിച്ച് ചെലവ് കുറവായിരിക്കും. നശീകരണ രീതികള്‍ പരിശോധിക്കാന്‍ എന്തുചെയ്യണം എന്നത് നയതന്ത്രജ്ഞരും നേതാക്കളും തമ്മിലുള്ള ചര്‍ച്ചാ വിഷയമാണ് എന്നാല്‍ ലോക ജനസംഖ്യയ്ക്കൊപ്പം ആയുധങ്ങളുടെ വില്‍പ്പന വര്‍ധിക്കുകയാണെങ്കില്‍ കാലാവസ്ഥാ വ്യതിയാനം മാത്രമായിരിക്കില്ല മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുക.












Click it and Unblock the Notifications