കളിച്ചുരസിക്കുന്ന കുഞ്ഞിനെ മാതൃസ്‌നേഹത്തോടെ നോക്കുന്ന അമ്മ: പുതിയ വീഡിയോയുമായി ഇസ്രൊ
ന്യൂഡല്‍ഹി: ചന്ദ്രനിലെ പ്രതലത്തില്‍ പ്രയാണം നടത്തുന്ന പ്രഗ്യാന്‍ റോവറിന്റെ വീഡിയോ പങ്കുവെച്ച് ഐഎസ്ആര്‍ഒ. ബെംഗളൂരുവിലെ കമാന്റ് സെന്ററില്‍ നിന്ന് ഇവയെ നിയന്ത്രിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വളരെ ജാഗ്രതയോടെ ചന്ദ്രനിലെ ഗര്‍ത്തങ്ങളും, പാറക്കൂട്ടങ്ങളെയും മറികടന്ന് പോകുന്നതും വീഡിയോയില്‍ കാണാം. പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും, ചന്ദ്രനിലെ പര്യവേഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
14 ദിവസത്തെ സമയമാണ് ഇതിനുള്ളത്. അടുത്തയാഴ്ച്ച ഇത് അവസാനിക്കും. അതിനുള്ളില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം. ഇതിനിടയിലാണ് ഓരോ ഘട്ടത്തിലെയും വീഡിയോ ശാസ്ത്രപ്രേമികള്‍ക്കായി ഇസ്രൊ പങ്കുവെക്കുന്നത്. പുതിയ വീഡിയോ വിക്രം ലാന്‍ഡറിലെ ലാന്‍ഡര്‍ ഇമേജ് ക്യാമറ ഉപയോഗിച്ചാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഒരു കുട്ടി ചന്ദ്രനിലെ മുറ്റത്ത് കളിക്കുന്നത് അമ്മ സ്‌നേഹത്തോടെ നോക്കി നില്‍ക്കുന്നത് പോലെ ഇത് തോന്നുന്നില്ലേയെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച കുറിപ്പിച്ചില്‍ ചോദിക്കുന്നു.

ചന്ദാമാമ എന്ന പ്രയോഗവും ഇതോടൊപ്പം ഇസ്രൊ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റ് വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയിരുന്നു പ്രഗ്യാന്‍ റോവര്‍. ഇമേജ് ഓഫ് ദ മിഷന്‍ എന്ന വിശേഷണത്തോടെയാണ് ഈ ചിത്ര ഇസ്രൊ പങ്കുവെച്ചത്. റോവറിന്റെ ഉള്ളിലുള്ള നാവിഗേഷന്‍ ക്യാമറയാണ് ഈ ചിത്രം പകര്‍ത്തിയത്. ബെംഗളൂരുവിലെ ലബോറട്ടറി ഫോര്‍ ഇലക്ട്രോ-ഒപ്ടിക്‌സ് സിസ്റ്റംസ് ആണ് ചന്ദ്രയാന്‍ മൂന്നിന് വേണ്ടി നാവിഗേഷന്‍ ക്യാമറകള്‍ വികസിപ്പിച്ചത്.
ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘടകമാണ് നാവിഗേഷന്‍ ക്യമാറകള്‍. മിഷനില്‍ റോവറിന്റെ കണ്ണുകള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. ചന്ദ്രന്റെ പ്രതലപത്തില്‍ റോവര്‍ നടക്കുന്ന പര്യവേഷണത്തില്‍, അതിനെ നയിക്കുന്നത് ഈ ക്യാമറകളാണ.് സഞ്ചാരപാത നിര്‍ണയിച്ചു. പാതയിലെ പ്രതിബന്ധങ്ങള്‍ ഒഴിവാക്കിയും, റോവറിന്റെ സുരക്ഷിത സഞ്ചാരത്തിന് നാവിഗേഷന്‍ ക്യാമറകള്‍ വഴിയൊരുക്കും.
നിലവില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് നിര്‍ണായകമായ ശാസ്ത്രവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് പ്രഗ്യാന്‍ റോവറും, വിക്രം ലാന്‍ഡറും. നേരത്തെ പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ റോവറിലെ രണ്ടാമത്തെ പേലോഡും സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.
ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോസ്‌കോപ്പാണ് ഇക്കാര്യം കണ്ടെത്തിയത്. സള്‍ഫര്‍ മാത്രമല്ല, ചെറിയ ചില ഘടകങ്ങളും കണ്ടെത്തിയതായി ഇസ്രൊ അറിയിച്ചു. അഗ്നിപര്‍വതങ്ങളിലൂടെയോ, വാല്‍നക്ഷത്രങ്ങളിലൂടെയോ ആകാം സള്‍ഫറിന്റെ സാന്നിധ്യം ഇവിടെയെത്തിയതെന്നാണ് കരുതുന്നത്. എപിഎക്‌സ്എസ് വികസിപ്പിച്ചത് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടിയാണ്.












Click it and Unblock the Notifications