ഡല്‍ഹി രോഹിണി കോടതി വെടിവെപ്പിലെ പ്രതി ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു; ആക്രമിച്ചത് എതിര്‍സംഘം
ന്യൂദല്‍ഹി: ഡല്‍ഹി രോഹിണി കോടതി വെടിവയ്പ്പിലെ പ്രതി ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു. മാഫിയ തലവന്‍ തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. ജയിലില്‍ വെച്ച് എതിരാളികള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് അന്ത്യം എന്നാണ് റിപ്പോര്‍ട്ട്. സുനില്‍ മാന്‍ എന്ന തില്ലു താജ്പുരിയയെ എതിര്‍ ഗുണ്ടാസംഘത്തിലെ യോഗേഷ് തുണ്ടയും കൂട്ടരും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഉടന്‍ തന്നെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തില്ലു താജ്പൂരിയ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.മറ്റൊരു തടവുകാരനായ രോഹിതിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

2021 ല്‍ ജിതേന്ദര്‍ ഗോഗി കൊല്ലപ്പെട്ട രോഹിണി കോടതി വെടിവയ്പിലെ പ്രധാന സൂത്രധാരന്‍ തില്ലു ആയിരുന്നു. 2021 സെപ്റ്റംബര്‍ 24-ന് രോഹിണി കോടതിക്കുള്ളില്‍ വെച്ച് ജിതേന്ദര്‍ ഗോഗിയെ തില്ലു സംഘത്തിലെ രണ്ട് അംഗങ്ങള്‍ വെടിവച്ചു കൊന്നിരുന്നു. പിന്നീട് പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുവരും കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകരുടെ വേഷം ധരിച്ച രണ്ട് പേര്‍ കോടതിക്കുള്ളില്‍ കയറിയാണ് ജിതേന്ദര്‍ ഗോഗിക്ക് നേരെ വെടിയുതിര്‍ത്തിരുന്നത്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
ജിതേന്ദര്‍ ഗോഗിയുടെ സംഘവും തില്ലു സംഘവും തമ്മിലുള്ള വര്‍ഷങ്ങളായുള്ള കുടിപ്പകയുടെ ഫലമായാണ് അന്ന് ആക്രമണം നടന്നത്. ജിതേന്ദര്‍ ഗോഗിയെ കൊല്ലാനുള്ള നിര്‍ദ്ദേശം തില്ലു താജ്പുരിയ ഫോണിലൂടെ സംഘാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തില്ലു താജ്പൂരിയയെ പൊലീസ് പിടികൂടുന്നത്.
ഡല്‍ഹിയിലെ ഒരു കുപ്രസിദ്ധ ക്രിമിനല്‍ സംഘങ്ങളാണ് തില്ലു താജ്പുരിയയുടേതും ജിതേന്ദര്‍ ഗോഗിയുടേതും. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുപതിലധികം പേരാണ് മരിച്ചത്. പിടിയിലായ രണ്ട് സംഘത്തിലെയും അംഗങ്ങള്‍ ക്വട്ടേഷന്‍, പണം തട്ടിയെടുക്കല്‍, കവര്‍ച്ച, കാര്‍ മോഷണം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്.












Click it and Unblock the Notifications