ജഹാംഗീര്‍പുരി: ബുള്‍ഡോസറെടുത്ത കട ഫരീദ് അഹമ്മദിന് മുസ്ലിം യൂത്ത് ലീഗ് നിർമ്മിച്ച് നല്‍കും
ദില്ലി: ജഹാംഗീര്‍പുരിയില്‍ ദില്ലി മുന്‍സിപ്പില്‍ കോർപ്പറേഷന്റെ പൊളിച്ച്നീക്കലിന്റെ ഇരയായ യുവാവിന് മുസ്ലിം യൂത്ത് ലീഗ് കട നിർമ്മിച്ച് നല്‍കും. സി ബ്ലോക്ക് ഗലി നമ്പര്‍ ഒന്നില്‍ താമസിക്കുന്ന ഫരീദ് അഹമ്മദിനാ സംഘടന കട നിർമ്മിച്ച് നല്‍കുന്നത്. ഇതോടൊപ്പം തന്നെ ജഹാംഗീര്‍പുരിയില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായെന്നും സംഘടന ദേശീയ സെക്രട്ടറി ഫൈസല്‍ ബാബു അറിയിച്ചു.
ജഹാംഗീര്‍പുരി ജാമിഅ മസ്ജിദിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഫരീദിന്റെ ചിക്കന്‍സ്റ്റാള്‍ ദില്ലി കോർപ്പറേഷന്‍ ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരുന്നു. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പുനരധിവാസം ആവശ്യമുള്ളവരുടെ ലിസ്റ്റും യൂത്ത് ലീഗ് തയ്യാറാക്കുന്നുണ്ട്. നൂറ് കണക്കിന് കുടുംബങ്ങളുടെ വരുമാനമാണ ബുള്‍ഡോസര്‍ തകര്‍ത്തെറെഞ്ഞതെന്നും സാധ്യമായ ഇരകള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിക്കുമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ബാബു അറിയിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറെടുത്ത ഫരീദിന്റെ കട മുസ്ലിം ലീഗ് വെച്ച് കെടുക്കുംജഹാംഗീര്‍പുരി സി ബ്ലോക്ക് ഗലി നമ്പര്‍ ഒന്നില്‍ താമസിക്കുന്ന ഫരീദ് അഹമ്മദ് ആ ദിവസം ഒരിക്കലും മറക്കില്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസര്‍ ജഹാംഗീര്‍പുരി ജാമിഅ മസ്ജിദിന്റെ പരിസരത്തെ ചിക്കന്‍ സ്റ്റാള്‍ തകര്‍ത്ത ദിവസം മുതല്‍ ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു പറക്കമുറ്റാത്ത 4 മക്കളടങ്ങുന്ന 27 കാരനായ ഫരീദിന്റെ കുടുംബം. ഭാര്യ റഷീദയും മക്കളായ ഫര്‍ഹാന, ഫലഖ്, ഫിദ, റഹ്മത്ത് എന്നിവരോടൊപ്പം ഒന്നാം നമ്പര്‍ ഗലിയിലെ ഒറ്റമുറി വീട്ടിലാണ് ഫരിദ് താമസിക്കുന്നത്.

കച്ചവട ആവശ്യത്തിനായി എടുത്ത ലോണിന്റെ തിരിച്ചടവ്, കുട്ടികളുടെ വിദ്യാഭ്യാസം ഇതൊക്കെ ഈ യുവാവിനു മുന്നില്‍ വലിയ ചോദ്യങ്ങളായിരുന്നു. മുസ്ലിം ലീഗ് നിര്‍ദ്ദേശപ്രകാരം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി വിവരശേഖരണം നടത്തുമ്പോഴാണ് ഫരീദ് തന്റെ കഥ നമ്മളോട് പറഞ്ഞത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. അടിയന്തിര സ്വഭാവത്തില്‍ അവരെ സഹായിക്കാന്‍ അദ്ദേഹം നല്‍കിയ നിര്‍ദ്ദേശാനുസരണം ഇന്നലെ ആദ്യഘട്ട സഹായം കൈമാറി.
പ്രദേശത്ത് മുസ്ലിം ലീഗ് നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഗുണഭോക്താവാണ് ഫരീദ്. കച്ചവടം പുനരാരംഭിക്കാനാവശ്യമായ സ്റ്റാള്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഇദ്ദേഹത്തിന് പുന:സ്ഥാപിച്ച് നല്‍കും. എംപിമാരായ ഇടി മുഹമ്മദ് ബഷീറും, അബ്ദുസ്സമദ് സമദാനിയും നവാസ് ഗനിയും സന്ദര്‍ശിച്ച ദിവസവും പുരധിവാസത്തില്‍ പാര്‍ട്ടി കൂടെ നില്‍ക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നേരത്തെ, ചെയ്തിരുന്ന സ്ഥലത്ത് തന്നെ ഇനിയും കച്ചവടം ചെയ്യാനാകുമോ എന്ന് ഫരീദിന് ആശങ്കയുണ്ട്. അതുവരെ ലോണ്‍ തിരിച്ചടക്കാനും മറ്റ് ചിലവുകള്‍ക്കുമാവശ്യമായ അടിയന്തിര ധനസഹായമാണ് ഇന്നലെ കൈമാറിയത് അനുയോജ്യമായ സ്ഥലം കണ്ടെത്തി അറിയിക്കുന്ന മുറക്ക് കട നമ്മള്‍ പുനസ്ഥാപിച്ച് നല്‍കും.
നൂറ് കണക്കിന് കുടുംബങ്ങളുടെ വരുമാന മാര്‍ഗമാണ് ബുള്‍ഡോസര്‍ തകര്‍ത്തെറിഞ്ഞത്. വര്‍ഷങ്ങളായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ പോലും ഇതിലുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തന്നെ നല്‍കുന്ന വെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ചെറിയ കച്ചവട സ്ഥാപനങ്ങളും തകര്‍ത്തവയില്‍ പെടും. പ്രദേശത്തെ ജനങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിച്ച് ആട്ടിപ്പായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബുള്‍ഡോസര്‍ ആക്രമണം നടത്തിയത്. സാധ്യമായത്രയും ഇരകള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിക്കും.












Click it and Unblock the Notifications