ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ടം സമാധാനപരമായി പൂർത്തിയായി; പോളിംഗ് കണക്കുകൾ ഇങ്ങനെ
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം സമാധാനപരമായി അവസാനിച്ചു. വൈകുന്നേരത്തോടെ 25 ലക്ഷത്തിലധികം വരുന്ന വോട്ടർമാരിൽ 54 ശതമാനും പേർ 26 മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തി. 239 സ്ഥാനാർത്ഥികളാണ് മത്സരിച്ചത് ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിംഗ് അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ സുഗമമായി മുന്നോട്ടുപോയി.
ശ്രീ മാതാ വൈഷ്ണോ ദേവി, കത്ര നിയമസഭാ മണ്ഡലത്തിൽ ഏകദേശം 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ജമ്മു കശ്മീരിലെ ചീപ് ഇലക്ടറൽ ഓഫീസർ പി കെ പോൾ പറഞ്ഞു. പൂഞ്ച്, രജൗരി എന്നിവയെ മറികടന്ന് 74. 14 ശതമാനം വോട്ടുകളോടെ റിയാസലി ജില്ലയാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം നേടിയത്.

കൂടാതെ ശ്രീനഗർ നിയോജക മണ്ഡലത്തിൽ 29. 24 ശകമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തേക്കാൾ വർദ്ധിച്ചു. ഉയർന്ന സുരക്ഷ ഉറപ്പാക്കിയതിനാൽ വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാനെത്തി.
പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ജമ്മു കശ്മീരിന്റെ ഭാവി ഭരണത്തെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകൾ ഫങ്കുവെച്ചു. ഈ മേഖലയിൽ ഒരു ബി ജെ പി സർക്കാർ ഒരിക്കലും അധികാരത്തിൽ വരില്ലെന്ന് മുഫ്തി ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഏതെങ്കിലും മതേതര സർക്കാർ സ്ഥാപിക്കുന്നതിൽ തന്റെ പാർട്ടിയുടെ നിർണായക പങ്കിനെക്കുറിച്ച് അവർ പറഞ്ഞു. അതേ സമയം, തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീറിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യ സഖ്യം റോഡിലെത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പദവി പുനസ്ഥാപിക്കുന്നത് ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശമാണെന്ന് രാഹുൽ പറഞ്ഞു.
ജമ്മി കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കൾ 370 റദ്ദാക്കി ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം 18 ന് നടന്ന ഒന്നാം ഘട്ട വോട്ടെട്ടുപ്പിൽ 61 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. മൂന്ന് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടം ഒക്ടോബർ ഒന്നിനാണ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications