'ഈ മൂന്ന് കുടുംബങ്ങൾ ജമ്മു കശ്മീരിലെ ജനങ്ങളോട് ചെയ്തത് പാപത്തിൽ കുറവല്ല'; പ്രധാനമന്ത്രി മോദി
ഡൽഹി: കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും പി ഡി പിക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ രാഷ്ട്രീയത്തിലൂടെ ജമ്മു കശ്മീരിനെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "ഇത്തവണ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് കുടുംബങ്ങളും ജമ്മു കശ്മീരിലെ യുവാക്കളും തമ്മിലുള്ളതാണ്, ഒരു കുടുംബം കോൺഗ്രസ്, ഒരു കുടുംബം നാഷണൽ കോൺഫറൻസിനും ഒരു കുടുംബം പി ഡി പി. ഈ മൂന്ന് കുടുംബങ്ങളും ജമ്മു കശ്മീരിലെ നിങ്ങളോട് ചെയ്തത് പാപത്തിൽ കുറവല്ല.
ഈ രാഷ്‌ട്രീയ കുടുംബങ്ങൾ മേഖലയിലെ യുവ നേതാക്കളുടെ പുരോഗതിയെ തടസ്സപ്പെടുത്തിയെന്ന് മോദി പറയുന്നു. യുവാക്കളെ മുന്നോട്ട് വരാൻ ഇതുവരെ അനുവദിച്ചില്ലെന്നും അതിനാലാണ് 2014ൽ അധികാരത്തിൽ വന്നതിന് ശേഷം ജമ്മു കശ്മീരിൽ യുവാക്കളുടെ പുതിയ നേതൃത്വത്തെ മുന്നോട്ട് കൊണ്ടുവരാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2018-ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പും 2019- ൽ ബി ഡി സി തിരഞ്ഞെടുപ്പും 2020- ൽ ഡി ഡി സി തിരഞ്ഞെടുപ്പും നടന്നത് ജനാധിപത്യം താഴെത്തട്ടിലേക്ക് എത്തുമെന്ന് ഉറപ്പാക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ നേതൃത്വത്തെ ഉയർന്നുവരാൻ അനുവദിക്കുന്നതിനുപകരം സ്വന്തം മക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ പാർട്ടികൾ ജമ്മു കശ്മീരിനെ "അകത്ത് നിന്ന് പൊള്ളയായി" മാറ്റുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. " സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു -കശ്മീർ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബ രാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളിൽ നിന്ന് പൊള്ളയാക്കുകയും ചെയ്തു. രാഷ്ട്രീയ കുടുംബങ്ങൾ അവരുടെ മക്കളെ ഉയർത്തിപ്പിടിച്ച് പുതിയ നേതൃത്വത്തെ വളരാൻ അനുവദിച്ചില്ല" മോദി പറഞ്ഞു.
യു പി എ - രണ്ടാം ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ ലാൽ ചൗക്ക് സന്ദർശിച്ചപ്പോൾ തീവ്രവാദികളെ താൻ ഭയപ്പെട്ടിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെ അടുത്തിടെ നടത്തിയ തുറന്നുപറച്ചിലിനെ മോദി പരിഹസിച്ചു "സൂര്യൻ അസ്തമിച്ചാലുടൻ ഇവിടെ അനൗദ്യോഗിക കർഫ്യൂ ഏർപ്പെടുത്തുന്ന സമയം ഓർക്കുക. കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻ്റെ ആഭ്യന്തരമന്ത്രി പോലും ലാൽ ചൗക്കിൽ പോകാൻ ഭയപ്പെടുന്ന സാഹചര്യമാണ്" അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ യുവാക്കൾക്കിടയിൽ നിന്ന് പുതിയ നേതൃത്വം കൊണ്ടുവരുന്നതിന് ഈ തിരഞ്ഞെടുപ്പുകൾ നിർണായകമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയിലെ എല്ലാ തലങ്ങളിലും ജനാധിപത്യം വളർത്തിയെടുക്കാനുള്ള തൻ്റെ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിലെ വളർച്ചയും വികസനവും മുരടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. ജമ്മു കശ്മീരിൽ 90 അസംബ്ലി മണ്ഡലങ്ങളുണ്ട്, അതിൽ 7 സീറ്റുകൾ എസ്‌സിക്കും 9 എസ്ടിക്കും സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം ജമ്മു കശ്മീരിൽ 88.06 ലക്ഷം വോട്ടർമാരുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപി 28 സീറ്റും ബി ജെ പി 25 സീറ്റും നേടിയിരുന്നു. നാഷണൽ കോൺഫറൻസിന് 15 സീറ്റും കോൺഗ്രസിന് 12 സീറ്റും ലഭിച്ചു.












Click it and Unblock the Notifications