തോൽവി സമ്മതിച്ച് ഇൽതിജ മുഫ്‌തി; ജമ്മുവിൽ പിഡിപിക്ക് റോളില്ലേ? ഇന്ത്യ സഖ്യം ഒറ്റയ്ക്ക് ഭരിച്ചേക്കും
ശ്രീനഗർ: ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചിരിക്കുകയാണ് പിഡിപി സ്ഥാനാർത്ഥിയും മെഹബൂബ മുഫ്‌തിയുടെ മകളുമായ ഇൽതിജ മുഫ്‌തി. അപ്രതീക്ഷിത തോൽവിയാണ് ഇത്തവണ താഴ്വരയിൽ മെഹബൂബ മുഫ്‌തിക്കും സംഘത്തിനും ഉണ്ടായിരിക്കുന്നത്. എന്ന് വച്ചാൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരാജയമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന വിവരം അനുസരിച്ച് അഞ്ച് സീറ്റുകളിലായി പാർട്ടി ഒതുങ്ങും.
ഇതിന് പിന്നാലെ ഇൽതിജ തന്റെ സമൂഹ മാധ്യമ പോസ്‌റ്റിലൂടെ തോൽവി അംഗീകരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. തന്റെ കൂടെ നിന്നതിന് പാർട്ടി പ്രവർത്തകർക്ക് അവർ നന്ദിയും അറിയിച്ചു. മെഹബൂബ മുഫ്‌തിയുടെ സ്ഥാനത്ത് ഇക്കുറി പ്രചരണത്തിന് ചുക്കാൻ പിടിച്ചത് പിഡിപിയുടെ ഈ യുവരക്തമായിരുന്നു.

വോട്ടെണ്ണൽ പൂർത്തിയാകും മുൻപ് തന്നെ തോൽവി സമ്മതിക്കുക വഴി പിഡിപിയുടെ പുതിയ തേരാളി തന്റെ പാർട്ടിക്ക് ഉണ്ടായ വീഴ്‌ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണ് ചെയ്യുന്നതെന്ന് വിലയിരുത്താം. ശ്രീഗുഫ്വാര-ബിജ്ബെഹര മണ്ഡലത്തിൽ നിന്നാണ് മുപ്പത്തിയേഴുകാരിയായ നേതാവ് ജനവിധി തേടിയത്.
പിഡിപിയുടെ പതനം പൂർണമായോ?
ഇത്തവണ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പിഡിപി കേവലം അഞ്ച് സീറ്റുകളിൽ ഒതുങ്ങുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ തന്നെ ഇൽതിജയെ പോലെയുള്ള തീപ്പൊരി നേതാക്കളുടെ ഞെട്ടിക്കുന്ന തോ;തോൽവിയും അവരെ വല്ലാതെ അലട്ടും. അവസാനം കാശ്‌മീരിൽ നടന്ന തിരഞ്ഞെടുപ്പിൽ, 2014ൽ 28 സീറ്റുകൾ നേടിയ കക്ഷിയാണ് പിഡിപി എന്നോർക്കണം.
അവിടെ നിന്നാണ് ഒരു പതിറ്റാണ്ട് കാലത്തിന്റെ ഇടവേളയിൽ അഞ്ചിലൊന്നായി ചുരുങ്ങുന്നത്. ആ വർഷം ബിജെപിയുമായി ചേർന്നാണ് പിഡിപി ഭരണത്തിൽ വന്നത്. എന്നാൽ പിന്നീട് ഇതേ ബിജെപി തന്നെയാണ് ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയതും പ്രത്യേക അവകാശങ്ങൾ എടുത്തു കളഞ്ഞതും. ഈ സഖ്യത്തിന്റെ പ്രതിഫലനമാണോ ഇപ്പോഴത്തെ തിരിച്ചടി എന്നാവും പിഡിപി വിലയിരുത്തൽ.
നിലവിൽ ഏറ്റവും ഒടുവിൽ വന്ന ഫലങ്ങൾ അനുസരിച്ച് കോൺഗ്രസ്, നാഷണൽ കോൺഫറൻസ് സഖ്യം അഥവാ ഇന്ത്യ മുന്നണിയാവും ഇവിടെ ഭരണത്തിലേറുക. നിലവിലെ സാഹചര്യത്തിൽ ഇവിടെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ശേഷി അവർക്കുണ്ട്, അതുകൊണ്ട് തന്നെ പിഡിപിയുമായി സഖ്യത്തിൽ ഏർപ്പെടാൻ ഇന്ത്യ സഖ്യം തയ്യാറാവില്ല. എങ്കിലും ഈ സാധ്യത പൂർണമായി തള്ളിക്കളയാനും കഴിയില്ല.
അതേസമയം, നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. നിരവധി നിർണായക മാറ്റങ്ങൾക്ക്, രാഷ്‌ടീയമായും അല്ലാതെയും ഇക്കാലയവിൽ താഴ്വര സാക്ഷ്യം വഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു.












Click it and Unblock the Notifications