ജമ്മു കശ്മീർ ഫലം: കുല്‍ഗാമില്‍ സിപിഎം തന്നെ മുന്നില്‍, വെല്ലുവിളി ഉയർത്തി ജമാഅത്തെ ഇസ്ലാമി
ശ്രീനഗർ: ജമ്മു കശ്മീരിലെ ആദ്യഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ആർക്കും കൃത്യമായ മേല്‍ക്കൈ ഉറപ്പിക്കാനാകാത്ത സ്ഥിതിയാണുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് നിലയില്‍ മുന്നിലുള്ളതെങ്കിലും ബി ജെ പി തൊട്ടുപിന്നാലെ തന്നേയുണ്ട്. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി സി പി എമ്മും ഇത്തവണ ഒരു സീറ്റില്‍ മത്സരിച്ചുന്നു.
ജമ്മു കശ്മീരില്‍ പരമ്പരാഗതമായി തന്നെ പാർട്ടിക്ക് മുന്‍തൂക്കമുള്ള കുല്‍ഗാം സീറ്റാണ് സഖ്യം സി പി എമ്മിന് നല്‍കിയത്. നാല് തവണ എം എല്‍ എയായ പ്രമുഖ നേതാവ് യൂസഫ് തരിഗാമി തന്നെ സ്ഥാനാർത്ഥിയായി. ആദ്യഘട്ട ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ യൂസഫ് തരിഗാമിക്ക് ലീഡ് നേടാന്‍ സാധിച്ചിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ പിന്നില്‍ പോയി. എന്നാല്‍ പിന്നീട് ലീഡ് തിരിച്ച് പിടിക്കാന്‍ സാധിച്ചു.

നിലവില്‍ 448 വോട്ടുകള്‍ക്കാണ് യൂസഫ് തരിഗാമി മുന്നിട്ട് നില്‍ക്കുന്നത്. സ്വതന്ത്രനായി മത്സരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ അഹമ്മദ് റെഷിയാണ് കുല്‍ഗാമില്‍ രണ്ടാം സ്ഥാനത്തുള്ളത്. യൂസഫ് തരിഗാമിക്ക് 2045 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റെഷിക്ക് 1597 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. ജമ്മു കശ്മീർ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടിയുടെ മൊഹദ് അമിന്‍ ധർ 719 വോട്ടുമായി മൂന്നാമതുണ്ട്. ബി ജെ പിയുമായി ജമാഅത്തെ ഇസ്ലാമിക്ക് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ യൂസഫ് തരിഗാമി ആരോപിച്ചിരുന്നത്.
1996 മുതല്‍ തുടർച്ചയായി യൂസഫ് തരിഗാമിയും സി പി എമ്മും വിജയിക്കുന്ന മണ്ഡലമാണ് കുല്‍ഗാം. കഴിഞ്ഞ തവണ അവസാന നിമിഷം 334 വോട്ടുകള്‍ക്കായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ യൂസഫ് തരിഗാമി വിജയിച്ചത്. വളരെ കുറച്ച് വോട്ടർമാർ മാത്രമുള്ള മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് എല്ലായ്പ്പോഴും വിജയികള്‍ക്ക് ലഭിക്കാറുള്ളത്.
അതേസമയം, നിലവിലെ ഫലസൂചന പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസിന്റെ ലീഡ് നില 51 ലേക്ക് ഉയർന്നിട്ടുണ്ട്. ആകെ 90 നിയമസഭ സീറ്റുകളുള്ള ജമ്മു കശ്മീരില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 45 സീറ്റുകളാണ്. എന്നാല്‍ 5 പേരെ ഗവർണ്ണർ നാമനിർദേശം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേവല ഭൂരിപക്ഷ സഖ്യ 48 ലേക്ക് ഉയരും.
ജമ്മു കശ്മീരില്‍ നിലവില്‍ ബി ജെ പിക്ക് 23 സീറ്റിലാണ് ലീഡ് നേടാന്‍ സാധിച്ചിരിക്കുന്നത്. പതിവ് പോലെ ജമ്മു മേഖലയിലാണ് ബി ജെ പി നേട്ടമുണ്ടാക്കുന്നത്. മെഹബൂബ മുഫ്തിയുടെ പി ഡി പി 3 സീറ്റിലും സ്വതന്ത്രർ ഉള്‍പ്പെടേയുള്ള മറ്റുള്ളവർ 10 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.












Click it and Unblock the Notifications