രാജ്യവിരുദ്ധ പ്രവര്‍ത്തനം; 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചു
കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏതാണ്ട് 130 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ശ്രീനഗര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ജമ്മു കാശ്മീരിലെ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ജൂലൈ മുതല്‍ കാശ്മീര്‍ താഴ്‌വരയില്‍ നടന്നുവരുന്ന ഇന്ത്യാവിരുദ്ധ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന പേരിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്.
റവന്യൂ, പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ്, ഗ്രാമീണ വികസനം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളില്‍പ്പെട്ടവര്‍ ജോലി നഷ്ടമായവരില്‍ ഉള്‍പ്പെടും. ജോലി നഷ്ടപ്പെട്ടവര്‍ക്കെതിരെ കേസ് ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏതാണ്ട് 130 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

സംസ്ഥാന ഇന്റലിജന്‍സ് വിങ് 36 ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ചീഫ് സെക്ട്രട്ടറിയുടെ പരിഗണനയിലാണുള്ളത്. ജോലിക്കാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചീഫ് സെക്രട്ടറി ബിആര്‍ ശര്‍മയും പ്രിന്‍സിപ്പല്‍ സെക്ട്രട്ടറിയും ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.
പിരിച്ചുവിടപ്പെട്ട ജീവനക്കാരോട് വിശദീകരണം ചോദിച്ചില്ലെന്നും പറയപ്പെടുന്നു. പിരിച്ചുവിടുന്നതുപോലുള്ള കടുത്ത നടപടി സംസ്ഥാന സര്‍ക്കാരിലെ കൂടുതല്‍ ജീവനക്കാരില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications