അത് ആശുപത്രി കിടക്കയിലെ ജയലളിതയുടെ ശബ്ദമോ? ഓഡിയോ ക്ലിപ്പ് പുറത്ത്, വീണ്ടും വഴിത്തിരിവ്
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ജയലളിതയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന അറുമുഖസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയില്‍ വെച്ചതിന് പിന്നാലെയാണ് ഓഡിയോ ക്ലിപ്പ് വൈറലായിരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഉള്ള ജയലളിതയുടേതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് ആണ് വൈറലാകുന്നത്. പുറത്ത് വന്ന് ഓഡിയോയില്‍, ജയലളിത പ്രകോപിതയാകുന്നതും ചുമക്കുന്നതും കേള്‍ക്കാം. ജയലളിത എന്തോ കാര്യത്തിന് പരാതിപ്പെടുന്നതും ഒരു ജീവനക്കാരന്‍ ഡാറ്റ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതും ഓഡിയോയിലുണ്ട്.

അതേസമയം ഓഡിയോയുടെ ആധികാരികത ഇതുവരേയും വ്യക്തമായിട്ടില്ല. ഇതോടൊപ്പം ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം ഡോക്ടര്‍ റിച്ചാര്‍ഡ് ബീലിന്റെ 2017-ലെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജയലളിത വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യമാണോ എന്ന് ശശികല ചോദിക്കുമ്പോള്‍ അതെ എന്നാണ് ഡോക്ടര്‍ പറയുന്നത്.

എന്നാല്‍, പിന്നീട് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ ജയലളിത തയ്യാറായില്ല. രണ്ട് ദിവസം മുന്‍പാണ് അറുമുഖസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയില്‍ വെച്ചത്. ജയലളിതയുടെ തോഴി ശശികല, ബന്ധു ഡോക്ടര്‍ അശിവ കുമാര്‍, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ശശികലയുള്‍പ്പെടെ നാല് പേര്‍ക്കെതിരെയും അന്വേഷണം വേണം എന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജയലളിതയുടെ ചികിത്സയ്ക്കിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വൈരുധ്യങ്ങളുണ്ട് എന്നും കമ്മീഷന്‍ ചുണ്ടിക്കാട്ടി. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ മുന്‍ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ ആണ് ജസ്റ്റിസ് അറുമുഖസ്വാമി അധ്യക്ഷനായ ഒരു ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്.

ജയലളിതയുടെ മരണം പുറത്തറിഞ്ഞതിലും ഒന്നര ദിവസം സംഭവിച്ചിരുന്നു എന്നതാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല എന്നും അറുമുഖ സ്വാമി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്തെ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും നടപ്പിലായില്ല. വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം അറുമുഖസ്വാമി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജയലളിതയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്നുമാണ് ശശികല പറയുന്നത്.












Click it and Unblock the Notifications