കർഷകർക്ക് 5000 രൂപയുടെ സഹായം; ജാർഖണ്ഡിൽ ബിജെപിയുടെ വമ്പൻ നീക്കം, പ്രകടനപത്രിക ജനകീയമാക്കും?
റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. മുന്നണികൾ വോട്ടെടുപ്പ് മുന്നിൽ കണ്ട് വലിയ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. ഹേമന്ത് സോറൻ നേതൃത്വം നൽകുന്ന ജാർഖണ്ഡ് മുക്തി മോർച്ചയാണ് ഇവിടെ ഭരണകക്ഷി, അതുകൊണ്ട് പ്രധാന പ്രതിപക്ഷമായ ബിജെപി സംസ്ഥാനത്ത് ഏത് വിധേനയും തങ്ങളുടെ സ്വാധീനം ഊട്ടിയുറപ്പിക്കാനുള്ള തത്രപ്പാടിലാണ്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതകൾ വഹിക്കുന്ന കേന്ദ്രമന്ത്രിയും മുതിർന്ന നേതാവ് ശിവരാജ് സിംഗ് ചൗഹാനാണ്. നിലവിൽ സംസ്ഥാനത്ത് തന്നെ വിവിധ ഇടങ്ങളിലായി റാലികളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പരിവർത്തൻ റാലിയിലാണ് അദ്ദേഹമുള്ളത്.

ഇപ്പോഴിതാ ജാർഖണ്ഡിൽ വലിയ നീക്കങ്ങൾക്കാണ് ഒരുങ്ങുകയാണ് ബിജെപി എന്ന സൂചനയാണ് കഴിഞ്ഞ രണ്ട് ദിവസത്തെ ചൗഹാന്റെ പ്രഖ്യാപനങ്ങൾ നൽകുന്നത്. പ്രത്യേകിച്ച് പ്രകടന പത്രികയിൽ ജനകീയ പദ്ധതികൾക്ക് ഒരു പിശുക്കും കാണിക്കാതെ തന്നെയാവും ബിജെപി ഒരുങ്ങുക എന്നാണ് ചൗഹാന്റെ വാക്കുകളിൽ നിന്നുള്ള സൂചന.
എന്താവും ബിജെപി കരുതിവച്ചത്?
കഴിഞ്ഞ ദിവസം കർഷകർക്കുള്ള ധനസഹായത്തെ കുറിച്ചുള്ള നിർണായക പ്രഖ്യാപനം ചൗഹാൻ നടത്തിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ കർഷകർക്ക് അഞ്ച് ഏക്കർ വരെ ഏക്കറിന് 5,000 രൂപ വീതം ധനസഹായം നൽകുമെന്നും അവരിൽ നിന്ന് ക്വിന്റലിന് 3,100 രൂപയ്ക്ക് നെല്ല് ശേഖരിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം നടത്തിയിരുന്നു. ഇത് വരാനിരിക്കുന്ന പ്രകടന പത്രികയുടെ ട്രെയിലർ മാത്രമാണ് എന്നാണ് സൂചന.
മുൻ ബിജെപി സർക്കാർ ഈ ധനസഹായം നൽകി വന്നിരുന്നതായി ചൗഹാൻ പറഞ്ഞു, എന്നാൽ 2019ൽ ജെഎംഎം സർക്കാർ അധികാരത്തിൽ വന്നതോടെയാണ് നിർത്തലാക്കിയതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. കേന്ദ്രത്തിന്റെ കിസാൻ സമ്മാന നിധിയിലൂടെ കിട്ടുന്ന 6000 രൂപയ്ക്ക് പുറമേയാണ് ഈ അധിക സഹായം എന്ന് കൂടി ഓർക്കണം.
കൂടാതെ ഇന്നത്തെ പരിവർത്തൻ റാലിയിൽ വനിതകളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ചൗഹാൻ നടത്തുകയുണ്ടായി. വനിതകൾക്ക് നൽകി വരുന്ന സഹായധനത്തിലാണ് ഈ പ്രഖ്യാപനം. മാസം 2000 രൂപ വനിതകൾക്ക് നൽകുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചത്. കൂടാതെ സൂര്യഘർ ഇലക്ട്രിസിറ്റി പദ്ധതി പ്രകാരം എല്ലാവർക്കും സൗരോർജ കണക്ഷൻ ഉറപ്പാക്കുമെന്നും അദ്ദേഹത്തിന്റെ വാഗ്‌ദാനങ്ങളിൽ ഉണ്ട്.
ജെഎംഎമ്മിനെതിരെ ആഞ്ഞടിച്ച് ചൗഹാൻ
ഭരണകക്ഷിയായ ജെഎംഎമ്മിനെതിരെയും മുഖ്യമന്ത്രിയായ ഹേമന്ത് സോറന് എതിരെയും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഫണ്ടുകൾ ഹേമന്ത് സോറൻ സർക്കാർ വകമാറ്റി തട്ടിയെടുക്കുകയാണ് എന്നാണ് ആരോപണം. ജെഎംഎം, കോൺഗ്രസ് സഖ്യം സംസ്ഥാനത്തെ ആകെ നശിപ്പിച്ചു എന്നാണ് ആരോപണം.












Click it and Unblock the Notifications