ജാർഖണ്ഡ് കേബിള്‍ കാർ അപകടം: രക്ഷാപ്രവർത്തനം 40 മണിക്കൂർ പിന്നിട്ടു, ഇനി രക്ഷിക്കാനുള്ളത് 6 പേരെ
ദിയോഘർ: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ കേബിൾ കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ രക്ഷാപ്രവർത്തനം 40-ാം മണിക്കൂറിലും തുടരുന്നു. മൂന്ന് വണ്ടികളിലായി കുടുങ്ങിക്കിടക്കുന്ന 8 പേരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്. അപകടത്തില്‍പ്പെട്ട 39 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. രണ്ട് വ്യോമസേനാ ഹെലികോപ്റ്ററുകളും ഡസൻ കണക്കിന് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യൻ എയർഫോഴ്‌സ്, ആർമി, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) എന്നിവയുടെ സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി അറിയിച്ചു.
കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും ഡ്രോണുകളുടെ സഹായത്തോടെ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് ഒരാള്‍ വീണ് മരിച്ചതിനെ തുടർന്ന് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. റോപ്പ് വഴി ഹെലികോപ്റ്ററിലേക്ക് കയാറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് പോവുകയായിരുന്നു. ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന റോപ് വേ തകരാറിലായതാണ് അപകടത്തിനിടയാക്കിയത്.

തകരാറിനെ തുടര്‍ന്ന് റോപ് വേയിലൂടെയുള്ള കാറുകളുടെ യാത്ര തടസ്സപ്പെടുകയും 12 കേബിള്‍ കാറുകള്‍ ലൈനില്‍ കുടുങ്ങിക്കിടക്കുകയുമായിരുന്നു. എഴുപതിലേറെ യാത്രക്കാരാണ് കാറുകളില്‍ ഉണ്ടായിരുന്നത്. പതിനൊന്ന് പേരെ ആദ്യം ദിനം വൈകുന്നേരം തന്നെ രക്ഷപ്പെടുത്തിയിരുന്നു. നിബിഡമായ വനപ്രദേശത്തൂടെ കടന്ന് പോവുന്ന റോപ്പ് വേ ആയതിനാല്‍ തന്നെ വൈകുന്നേരത്തോടെ രക്ഷപ്രവർത്തനം നിർത്തിവെക്കേണ്ടി വന്നിരുന്നു.
ഉന്തല്ലേ.. തള്ളല്ലേ..; ആരാധകരുടെ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍
അതേസമയം, റോപ്പ് വേ അപകടത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ''ത്രികുത് പർവതത്തിലെ സംഭവത്തിലും അതിലെ മരണങ്ങളിലും ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. വിഷയത്തിൽ ഉന്നതതല അന്വേഷണം ഉണ്ടാകും," മുഖ്യമന്ത്രി ഇന്നലെ ഒരു ട്വീറ്റിൽ അറിയിച്ചു. ജാർഖണ്ഡ് ടൂറിസം വകുപ്പ് പറയുന്നത് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോപ്പ്‌വേയാണ് ത്രികുട്ട് റോപ്പ്‌വേ.
ഇതിന് ഏകദേശം 766 മീറ്റർ നീളമാണുള്ളത്. കേബിള്‍ കാറില്‍ കുടുങ്ങിയവരില്‍ ഐ എ എഫ് ഗരുഡ് കമാന്‍ഡോയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.ചൊവ്വാഴ്ചയോടെ എല്ലാവരേയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ശേഷം ആരംഭിക്കുമെന്ന് ജാർഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications