കേന്ദ്രം നല്‍കാനുള്ളത് 1.36 ലക്ഷം കോടി രൂപ; മോദി സര്‍ക്കാര്‍ ജാര്‍ഖണ്ഡിനെതിരെന്ന് രാഹുല്‍
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ജാര്‍ഖണ്ഡിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും സംസ്ഥാനത്തിന് അനുവദിക്കേണ്ട 1.36 ലക്ഷം കോടി രൂപ കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെന്‍സസ് നടത്തണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് രാഹുല്‍ വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പാണ്. ഒരു വശത്ത് ഭരണഘടനയെ സംരക്ഷിക്കുകയും പാവപ്പെട്ടവരുടെയും ആദിവാസികളുടെയും സര്‍ക്കാര്‍ നയിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാ സഖ്യമാണ്. മറുവശത്ത് ഭരണഘടനയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളാണ്,' അദ്ദേഹം പറഞ്ഞു.

ഭരണഘടന മാറ്റണമെന്നാണ് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും നിലപാട് എന്നും എന്നാല്‍ ഞങ്ങള്‍ ജാതി സെന്‍സസ് നടത്തുമെന്നും 50 ശതമാനം സംവരണ പരിധി എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ എസ് ടി സംവരണം 26 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും എസ് സി സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും ഒ ബി സി സംവരണം 14 ശതമാനത്തില്‍ നിന്ന് 27 ശതമാനമായും ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ എം എം - കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നെല്ലിന്റെ എം എസ് പി വര്‍ധിപ്പിക്കും. ഇന്ന് കര്‍ഷകര്‍ക്കുള്ള നെല്ലിന്റെ എം എസ് പി ക്വിന്റലിന് 2400 രൂപയാണ്. സംസ്ഥാനത്ത് ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജാര്‍ഖണ്ഡിലെ കര്‍ഷകര്‍ക്ക് നെല്ലിന് ക്വിന്റലിന് 3200 രൂപ നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ശ്രമിക്കും എന്നും രാഹുല്‍ പറഞ്ഞു.
81 അംഗ നിയമസഭയാണ് ജാര്‍ഖണ്ഡിലേത്. രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ 13 ന് കഴിഞ്ഞിരുന്നു. അന്ന് 43 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ 20 നാണ്. 38 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 23 ന് മഹാരാഷ്ട്രയോടൊപ്പം ജാര്‍ഖണ്ഡിലേയും ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications