ജാർഖണ്ഡിൽ ആദിവാസി വിഭാഗത്തെ കൈയിലെടുക്കാൻ ജെഎംഎം; ഹേമന്ത് സോറന്റെ വാക്കുകൾ ഇങ്ങനെ
റാഞ്ചി: ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ശക്തമായ വോട്ട് സ്വാധീനമുള്ള ആദിവാസി വിഭാഗങ്ങളെ കൈയിലെടുക്കാനുള്ള ശ്രമങ്ങൾ ഇരു മുന്നണികളും തകൃതിയായി നടക്കുന്നുണ്ടെന്നതാണ് പ്രത്യേകത. എൻഡിഎയും ഇന്ത്യ സഖ്യവും ഒരുപോലെ ഇക്കാര്യങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ജെഎംഎമ്മും ഇക്കാര്യത്തിൽ ഒരുപടി കൂടി കടന്ന് മുഖ്യമന്ത്രി ഹേമന്ത് സോറനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്.
ജാർഖണ്ഡ് സംസ്ഥാനം ആദിവാസികളുടെ സ്വന്തമാണെന്നും അവർ തന്നെ അവിടെ ഭരിക്കുമെന്നുമായിരുന്നു ഹേമന്ത് സോറൻ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തെ വലിയ വോട്ടു ബാങ്കായ ആദിവാസി വിഭാഗങ്ങളെ കൂടെ നിർത്താനുള്ള പാർട്ടിയുടെ ഏറ്റവും പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രസ്‌താവന എന്നതാണ് ശ്രദ്ധേയമായ കാര്യം.

ബിജെപിയുടെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയും ഹേമന്ത് സോറൻ നൽകുന്നുണ്ട്. സംസ്ഥാനത്ത് ഒരു ഹിന്ദുവും അപകടത്തിലല്ലെന്നും എന്നാൽ ഹിന്ദു-മുസ്ലിം വിവേചനത്തിന്റെ പേരിൽ സംഘർഷം സൃഷ്‌ടിക്കാനാണ് പ്രതിപക്ഷ പാർട്ടി ശ്രമിക്കുന്നതെന്നും ഹേമന്ത് സോറൻ ബിജെപിക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി.
'ഒരു പ്രത്യേക സംസ്ഥാനത്തിനായി, ജാർഖണ്ഡിനായി ഞങ്ങൾ പോരാടി, ഇനി ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും ഞങ്ങൾ പോരാടും. ജാർഖണ്ഡ് ആദിവാസികളുടേതായതിനാൽ ഇവിടെ ആദിവാസികൾ തന്നെ ഭരിക്കും' എന്നായിരുന്നു ഹേമന്ത് സോറൻ പറഞ്ഞത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ചോട്ടനാഗ്രയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബിജെപിയും ജെഎംഎമ്മും ഒരുപോലെ ആദിവാസി വോട്ടുകൾ നേടാനാണ് സംസ്ഥാനത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. നേരത്തെ നരേന്ദ്ര മോദി ഗാന്ധി ജയന്തി ദിനത്തിൽ 80,000 കോടിയോളം ചിലവ് വരുന്ന പദ്ധതികൾ സംസ്ഥാനത്ത് വന്ന് ഉദ്‌ഘാടനം ചെയ്‌തതും ഈ ലക്‌ഷ്യം മുന്നിൽ വച്ചുകൊണ്ട് തന്നെയായിരുന്നു.
ഹേമന്ത് സോറന്റെ ജെഎംഎം ഉൾപ്പെട്ട ഇന്ത്യ സഖ്യമാവട്ടെ പ്രകടന പത്രികയിൽ ആദിവാസി വിഭാഗങ്ങളുടെ സംവരണം ഉയർത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഇതും വോട്ട് ലക്ഷ്യമിട്ട് കൊണ്ട് തന്നെയാണെന്ന് വ്യക്തം. ചമ്പായി സോറനെ ജെഎംഎമ്മിൽ നിന്ന് ബിജെപിയിലേക്ക് എത്തിച്ചതും അവർ ആദിവാസി വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ്.
2011 ലെ സെൻസസ് പ്രകാരം ജാർഖണ്ഡിലെ ആകെ ജനസംഖ്യ 32,988,134 ആണ്. അതിലാവട്ടെ 26.21 ശതമാനം (8,645,042) ആദിവാസി വിഭാഗങ്ങളാണ്. രഘുബർ ദാസ് ഒഴികെ 2000-ൽ രൂപീകൃതമായ സംസ്ഥാനത്തെ എല്ലാ മുഖ്യമന്ത്രിമാരും ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഈ സാഹചര്യത്തിൽ വലിയ വാഗ്‌ദാനങ്ങളാണ് ആദിവാസി വിഭാഗത്തെ ലക്ഷ്യമിട്ട് പാർട്ടികൾ നടത്തുന്നത്. ജാർഖണ്ഡിൽ നവംബർ 13, 20 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. ഫലം വരുന്നതാവട്ടെ നവംബർ 23നാണ്. ആകെ 81 സീറ്റുകളാണ് ജാർഖണ്ഡിലുള്ളത്. ഇതിൽ നാലിലൊന്നും ആദിവാസി വിഭാഗത്തിന് സംവരണം ചെയ്‌തതാണ്.












Click it and Unblock the Notifications