'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സോറൻ സർക്കാർ സഹായം ചെയ്‌തു നൽകി'; ജാർഖണ്ഡിൽ ആഞ്ഞടിച്ച് മോദി
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ ഭരണകക്ഷിയായാ ജെഎംഎമ്മിനെയും മുഖ്യമന്ത്രി ഹേമന്ത് സോറനെയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പങ്കെടുക്കാൻ എത്തിയതായിരുന്നു നരേന്ദ്ര മോദി. രണ്ടാംഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലേക്ക് പോവുന്ന മണ്ഡലങ്ങളിൽ സംഘടിപ്പിച്ച ഒന്നിലധികം റാലികളിൽ പ്രധാനമന്ത്രി പങ്കെടുത്തു.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സംസ്ഥാനത്തേക്ക് അതിക്രമിച്ചു സോറൻ സർക്കാർ സഹായം ചെയ്‌തു നൽകുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. ആദിവാസി വിഭാഗത്തിലെ പെൺകുട്ടികളെ വിവാഹത്തിന്റെ പേരിൽ വഞ്ചിക്കുകയാണെന്നും അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും പ്രധാനമന്ത്രോ ആരോപിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് മോദി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ പറഞ്ഞത്.

'ജാർഖണ്ഡിന്റെ അഭിമാനവും സ്വത്വവുമാണ് നിങ്ങളുടെ ശക്തി. ഈ സത്വം നഷ്‌ടപ്പെട്ടാൽ എന്ത് സംഭവിക്കും? സന്താൽ മേഖലയിലെ ആദിവാസികളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആദിവാസികളുടെ എണ്ണം ഇനിയും ഇങ്ങനെ കുറഞ്ഞാൽ എന്ത് സംഭവിക്കും? നിങ്ങളുടെ വെള്ളവും കാടും ഭൂമിയും മറ്റുള്ളവർ കൈയടക്കും.' മോദി പറഞ്ഞു.
താൻ ജാർഖണ്ഡിലൂടെ സഞ്ചരിച്ചപ്പോൾ മനസിലായ കാര്യം നുഴഞ്ഞുകയറ്റം തന്നെയാണ് എല്ലായിടത്തും ഒരുപോലെ ആശങ്ക എന്നായിരുന്നു മോദി വ്യക്തമാക്കിയത്. സന്താൽ മേഖല ഇത്തവണ തിരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്‌ടിക്കുമെന്നാണ് അദ്ദേഹം ശുഭാപ്‌തി പ്രകടിപ്പിച്ചത്. കൂടാതെ ജെഎംഎം-കോൺഗ്രസ് മുന്നണി ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാർഖണ്ഡിന്റെ സ്വത്വം മാറ്റാൻ വലിയ ഗൂഢാലോചന നടക്കുന്നു. നുഴഞ്ഞുകയറ്റക്കാരെ പാർപ്പിക്കാൻ ജെഎംഎം-കോൺഗ്രസ് സർക്കാർ തെറ്റായ തീരുമാനങ്ങൾ സ്വീകരിക്കുകയാണ്. അവർക്കുള്ള രേഖകൾ ഒറ്റരാത്രികൊണ്ട് ഉണ്ടാക്കി നൽകുകയാണ്. വിവാഹത്തിന്റെ മറവിൽ ആദിവാസി പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നുവെന്നും മോദി അറിയിച്ചു.
നേരത്തെ തന്നെ സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റമാണ് ബിജെപി പ്രധാന പ്രചാരണ വിഷയമായി ഉന്നയിക്കുന്നത്. സാന്താൾ പർഗാന മേഖലയിലെ വലിയ വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടാണ് ബിജെപി ഇക്കുറി ഇറങ്ങുന്നത്. അത് ലക്ഷ്യമിട്ടാണ് താര പ്രചാരകരായ നരേന്ദ്ര മോദിയേയും അമിത് ഷായേയും സംസ്ഥാനത്ത് ബിജെപി രംഗത്ത് ഇറക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്നാണ് പൂർത്തിയാക്കിയത്. ആകെയുള്ള 81 മണ്ഡലങ്ങളിൽ 43 ഇടത്താണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 65 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ നേരിയ തോതിൽ ഉയർച്ചയെ സൂചിപ്പിക്കുന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നവംബർ 20നാണ് നടക്കുക. ശേഷം തിരഞ്ഞെടുപ്പ് ഫലം നവംബർ 23 ആയിരിക്കും പ്രഖ്യാപിക്കുക.












Click it and Unblock the Notifications