'ഞങ്ങളുടെ ചിത്രത്തിന് എന്തുകൊണ്ട് നികുതി ഇളവ് തന്നില്ല'; ചോദ്യവുമായി 'ഝുണ്ഡിന്‍റെ നിർമാതാവ്
ബോക്‌സ് ഓഫീസുകളിൽ വലിയ വിജയത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കശ്‌മീർ ഫയൽസ്. വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കശ്‌മീരി പണ്ഡിറ്റുകളുടെ പലയാനമാണ് ചർച്ച ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഫിലിം മേക്കർ അവകാശപ്പെടുന്നു. ചിത്രത്തിന് പല സംസ്ഥാനങ്ങളിലും നികുതി ഇളവ് ഉൾപ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ടാണ് അമിതാഭ് ബച്ചൻ ചിത്രമായ 'ഝുണ്ഡിന്റെ നിർമാതാക്കളിലൊരാളായ സവിത രാജ് ഹിരേമാത് രംഗത്തെത്തിയിരിക്കുന്നത്.
തന്‍റെ സിനിമക്ക് എന്തുകൊണ്ട് നികുതി ഇളവ് തന്നില്ലെന്നും ആ ചിത്രത്തിനും പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നുവെന്നും രാജ്യത്തിന്റെ വളർച്ചക്ക് പ്രാധാന്യമാകുന്ന വിഷയമല്ലേ ചിത്രത്തിൽ ചർച്ച ചെയ്യുന്നതെന്നും സവിത ചോദിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു അവരുടെ പ്രതികരണം. മാർച്ച് നാലിനാണ് 'ഝുണ്ഡ് തീയേറ്ററുകളിൽ എത്തിയത്.

കശ്മീർ ഫയൽസ് സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു.
ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീർ ഫയൽസ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്‌തിരുന്നു. സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവർത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.
ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. അതേ സമയം സിനിമക്ക് ബിജെപി നൽകുന്ന പിന്തുണക്കെതിരെ ഒരു വിഭാഗം കശ്‌മീരി പണ്ഡിറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് പണ്ഡിറ്റുകൾ പറയുന്നു.












Click it and Unblock the Notifications