''രാജ്യത്തെ വിഭജിക്കുന്ന ആശയം നിങ്ങളുടേതാണ്, ഞങ്ങളുടേതല്ല'', രാഹുൽ ഗാന്ധിക്ക് സിന്ധ്യയുടെ മറുപടി
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതുപോലൊന്ന് തന്റെ 20 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
''ഇന്നലെ രാഹുല്‍ ഗാന്ധി പറഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന്. ഈ പ്രധാനമന്ത്രിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ലോകവുമായി ബന്ധിപ്പിച്ചത്, അദ്ദേഹത്തിന് അവരുമായി വളരെ അടുത്ത ബന്ധമാണ് ഉളളത്. രാജ്യത്തെ വിഭജിക്കുന്ന ആശയം നിങ്ങളുടേതാണ്, ഞങ്ങളുടേതല്ല'', സിന്ധ്യ പറഞ്ഞു.

''ഞാന്‍ 20 വര്‍ഷം പാര്‍ലമെന്റില്‍ ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന ഒരാള്‍, 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ വസിക്കുന്ന ഒരാള്‍, അത്തരമൊരാള്‍ക്ക് നേരെ പ്രതിപക്ഷം ഉപയോഗിച്ച വാക്കുകള്‍! പാര്‍ലമെന്റില്‍ ഇല്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നിലെങ്കിലും അവര്‍ ക്ഷമാപണം നടത്തേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നത്'' എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഈ അവിശ്വാസ പ്രമേയം മണിപ്പൂരിനെ സംബന്ധിച്ചുളളതല്ല. ഇതിന്റെ മറവില്‍ രാഷ്ട്രീയ നേട്ടത്തിനാണ് അവര്‍ ശ്രമിക്കുന്നത്. മണിപ്പൂരിനെ സംബന്ധിച്ച് പാര്‍ലമെന്റിന് പുറത്ത് പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സഭയില്‍ തന്നെ സംസാരിക്കണമെന്ന് അവര്‍ വാശി പിടിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു സഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന്. എന്നിട്ടും അവര്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത് 17 ദിവസത്തോളമാണ്, സിന്ധ്യ കുറ്റപ്പെടുത്തി.












Click it and Unblock the Notifications