കോൺഗ്രസിലേക്ക് ഒഴുകി ബിജെപി നേതാക്കൾ; തന്ത്രങ്ങൾ പൊളിച്ചെഴുതി കമൽനാഥ്!! സിന്ധ്യയെ പൂട്ടാൻ ടീം
ഭോപ്പാൽ; രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിന് പിന്നാലെ തന്നെ മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 24 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഭരണം നിലനിർത്തണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയം ഉറപ്പിക്കേണ്ടതുണ്ട്.
അതേസമയം കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകളും ഉപതിരഞ്ഞെടുപ്പ് മുന്നില്‍ വെക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ബിജെപിയെ നിലംപരിശാക്കാൻ 18 അടവും പുറത്തെടുക്കുകയാണ് കോൺഗ്രസ്. വിശദാംശങ്ങൾ ഇങ്ങനെ

പാലം വലിച്ച് സിന്ധ്യ
കമൽനാഥിന്റേ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് പാലം വലിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും ബിജെപിയിലേക്ക് പോയത്. ഇതോടെയാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. രാജിവെച്ച 22 പേരുടേയും അന്തരിച്ച രണ്ട് എംഎൽഎമാരുടെ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ്.

സിറ്റിങ്ങ് സീറ്റുകൾ
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 23 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണെന്നത് കോൺഗ്രസിന് പ്രതീക്ഷയാണ്. എന്നാൽ അന്ന് ജയിച്ച സാഹചര്യമല്ല മധ്യപ്രദേശിൽ ഇന്ന് ഉള്ളത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗ്വാളിയാർ-ചമ്പൽ മേഖലയിൽ.

കോൺഗ്രസ് കണക്ക് കൂട്ടൽ
സിന്ധ്യയുടെ സ്വാധീനത്തിലായിരുന്നു 2018 ൽ കോൺഗ്രസ് ഇവിടെ വിജയം സ്വന്തമാക്കിയത്. എന്നാൽ ഇക്കുറി സിന്ധ്യ ബിജെപിക്കൊപ്പമാണ്. സിന്ധ്യയുടെ സ്വാധീനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

ഭിന്നത രൂക്ഷം
സിന്ധ്യയുടെ വരവോടെ ബിജെപിയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സിന്ധ്യ വിരുദ്ധരുടെ നേതൃത്വത്തിൽ ഇതിനോടകം തന്നെ പ്രത്യേക യോഗങ്ങൾ ചേർന്നിട്ടുണ്ട്. കൂറുമാറിയെത്തിയ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള നേതൃത്വത്തിന്റെ തിരുമാനം ബിജെപിയിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

അതൃപ്തി ശക്തം
മാത്രമല്ല ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയ എംഎൽഎമാരെ മത്സരിപ്പിക്കാനുള്ള തിരുമാനവും നേതാക്കളിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളിൽ പലരും മത്സരിക്കാനുള്ള സന്നദ്ധ അറിയിച്ചിരുന്നു. എന്നാൽ കൂറുമാറിയെത്തിവരാണ് അധികാരത്തിലേറാൻ സഹായിച്ചതെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.

പ്രത്യേക കമ്മിറ്റി
ഇതോടെ സിന്ധ്യയുടെ ഗ്വാളിയാർ മേഖലയിൽ ഇക്കുറി വലിയ പൊട്ടിത്തെറികൾ തന്നെ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം മേഖല കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കാനാണ് കോൺഗ്രസ് തിരുമാനം. ഇതിനായി പ്രത്യേക കമ്മിറ്റിയെ തന്നെ കമൽനാഥ് രൂപീകരിച്ചിട്ടുണ്ട്.

10 പേരുടെ കമ്മിറ്റി
എൻപി പ്രജാപതി, സജ്ജൻ സിംഗ് വെർമ, ഡോ ഗോവിന്ദ് സിംഗ്, സുഖ്ദേവ് പാൻസെ, പിസി ശർ്മ, വിജയലക്ഷ്മി സദു, ജീത്തു പട്വാരി, സുരേഷ് പച്ചൗരി,ചന്ദ്രപ്രകാശ് ശേഖർ, രാജീവ് സിംഗ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എൻപി സിംഗിനും സജ്ജൻ വർമ്മയ്ക്കുമാണ് കമ്മിറ്റിയുടെ ചുമതല.

പ്രത്യേക സർവ്വേ
ഇത് കൂടാതെ ഓരോ ദിവസവും ഓരോ സീറ്റ് എന്ന നിലയിൽ കമൽനാഥിന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പ്രത്യേക സർവ്വേ തന്നെ നടത്താൻ ഒരുങ്ങുകയാണ് കമൽനാഥ്. വിജയ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.

വിമതരേയും
മുതിർന്ന നേതാക്കളെ സ്ഥാനാർത്ഥികളായി നേതൃത്വം പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ബിജെപിയിൽ നിന്നുള്ള വിമതരേയം ചില മണ്ഡലത്തിൽ സ്ഥാനാർത്ഥികളായി കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഇതിനോടകം തന്നെ ബിജെപിയിൽ നിന്ന് നേതാക്കൾ കോൺഗ്രസിൽ എത്തിയിട്ടുണ്ട്.

കോൺഗ്രസിലേക്ക് ഒഴുക്ക്
മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ പ്രേമചന്ദ്ര ഗുഡ്ഡുവാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയവരില്‍ പ്രമുഖന്‍.മുൻ കോൺഗ്രസ് നേതാവയിരുന്ന ഗുഡ്ഡു സിന്ധ്യയോട് ഇടഞ്ഞാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇപ്പോൾ സിന്ധ്യ ബിജെപിയിലെത്തിയതോടെ കോൺഗ്രസിലേക്ക് എത്തുകയായിരുന്നു.

ബിജെപി മന്ത്രിയും
കൂറുമാറിപ്പോയ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ സാൻവീർ മണ്ഡലത്തിൽ കോൺഗ്രസ് മത്സരിപ്പിച്ചേക്കും. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ് ഗുഡ്ഡു. ഗുഡ്ഡുവിന്റെ മകൻ അജിതും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. 13 വർഷത്തോളം ബിജെപി മന്ത്രിയായിരുന്ന ബാലേന്ദു ശുക്ലയും ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.

സിന്ധ്യയെ ഞെട്ടിച്ച്
ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ ഏറ്റവും അടുത്ത നേതാവായിരുന്നു ശുക്ല. ബാലേന്ദു ശുക്ലയുടെ നീക്കം ബിജെപി നേതൃത്വ ചില്ലറയൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. സിന്ധ്യയെ ഞെട്ടിച്ചാണ് മൂന്നാമത്തെ നേതാവ് കോൺഗ്രസിലേക്ക് എത്തിയത്
സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട എംഎല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.സംഘ് സംസ്കാരം തുടരാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു സത്യേന്ദ്ര യാദവിന്റെ മടക്കം.

സിന്ധ്യയുടെ തലവര
ഇനിയും ഇത്തരത്തിൽ നിരവധി പേർ മടങ്ങിയെത്തുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ബിജെപിയിൽ നിന്ന് കൂട്ടക്കൊഴിഞ്ഞ് പോക്കുണ്ടായാൽ അത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഗുണം ചെയ്യും. ഒപ്പം ബിജെപിയുടേയും ബിജെപിയിൽ സിന്ധ്യയുടേയും തലവര തന്നെ ഇത് മാറ്റിയെഴുതും.












Click it and Unblock the Notifications