കങ്കണ റണാവത്ത് എംപിയായി കുടുങ്ങി; വല്ലാതെ പ്രയാസപ്പെടുന്നു, ജനസേവനം ചിന്തിച്ചിരുന്നില്ല
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് നടി കങ്കണ റണാവത്ത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പുതന്നെ വിവാദങ്ങള്‍ ഇവരോടൊപ്പമുണ്ട്. സഹതാരങ്ങളെ കുറിച്ചു പറഞ്ഞതും എംപിയായ ശേഷം കര്‍ഷകരെ പറ്റി പറഞ്ഞതുമെല്ലാം വിവാദമായിരുന്നു. ഏറ്റവും ഒടുവില്‍ ഒരു എംപി ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്.
അത്മന്‍ ഇന്‍ രവി എന്ന ആത്മീയ ഗുരുവുമായുള്ള സംഭാഷണത്തിലാണ് കങ്കണയുടെ തുറന്നുപറച്ചില്‍. രാഷ്ട്രീയ ജീവിതം ഏറെ പ്രയാസപ്പെടുത്തുന്നു എന്നാണ് എംപി പറയുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ജനങ്ങളെ തന്റെ അടുത്ത് വരുന്നു. റോഡ് പൊളിഞ്ഞ കാര്യങ്ങളെല്ലാം അവര്‍ പറയുന്നുവെന്നും എന്റെ ഉത്തരവാദിത്തം അറിയാതെയാണ് പലരും വരുന്നതെന്നും കങ്കണ പറഞ്ഞു.

നിങ്ങള്‍ക്ക് പണമുണ്ടല്ലോ, അത് ഉപയോഗിക്കൂ എന്നാണ് മണ്ഡലത്തിലുള്ളവര്‍ പറയുന്നത്. രാഷ്ട്രീയ ജീവിതം ആസ്വദിക്കുന്നില്ല. ഞാന്‍ ശീലിച്ച കാര്യങ്ങളല്ല ഇത്. ജനസേവനം ചിന്തിച്ചിട്ടേയില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അവ രണ്ടും വ്യത്യസ്തമാണ് എന്നും കങ്കണ പറയുന്നു. പ്രളയ ബാധിതരായ മണ്ഡലത്തിലുള്ളവരെ കാണാനെത്തിയപ്പോള്‍ കങ്കണ ഒന്നും ചെയ്യാനാകില്ലെന്ന് കൈമലര്‍ത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. സ്വാര്‍ഥ ജീവിതമാണ് നയിച്ചിരുന്നത്. ആഡംബരം ഇഷ്ടപ്പെട്ടിരുന്നു. വലിയ വീട് ആഗ്രഹിച്ചു. നല്ല കാറും ആഭരണങ്ങളുമെല്ലാം കൊതിച്ചു. അത്തരം ജീവിതമാണ് നയിച്ചത്. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ല. അങ്ങനെ ഒരിക്കലും സംഭവിക്കല്ലേ എന്നാണ് പ്രാര്‍ഥന എന്നും കങ്കണ പറഞ്ഞു.
കര്‍ഷകര്‍ക്കെതിരെ കങ്കണ സംസാരിച്ചത് നേരത്തെ വിവാദമായിരുന്നു. ബിജെപിക്കും ഇത് തലവേദനയായി. ജെപി നദ്ദ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ തന്നെ ശാസിച്ചു എന്ന് കങ്കണ സമ്മതിച്ചു. അതോടെ തന്റെ വാക്കുകള്‍ പിന്‍വലിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രമാദിത്യ സിങിനെ പരാജയപ്പെടുത്തിയാണ് മണ്ഡിയില്‍ കങ്കണ ബിജെപി പതാക ഉയര്‍ത്തിയത്.
കങ്കണയ്ക്ക് ലഭിച്ചത് മികച്ച ഭൂരിപക്ഷം
74755 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കങ്കണയുടെ വിജയം. 53 ശതമാനത്തോളം വോട്ട് കങ്കണ നേടിയിരുന്നു. എന്നാല്‍ തനിക്ക് മികച്ച വിജയം സമ്മാനിച്ച ജനങ്ങളെ മറന്നാണ് അവരുടെ പുതിയ പ്രതികരണങ്ങള്‍. പ്രളയ ദുരിതത്തിലായ ജനങ്ങളോട് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും താന്‍ മന്ത്രിയല്ലെന്നും ഫണ്ടില്ലെന്നുമുള്ള കങ്കണയുടെ പ്രതികരണം വിവാദമായിരുന്നു.
സിനിമയിലും കങ്കണ വലിയ തിരിച്ചടി നേരിടുന്നുണ്ട്. ഇന്ദിര ഗാന്ധിയുടെ കഥപറയുന്ന എമര്‍ജന്‍സി എന്ന കങ്കണയുടെ ചിത്രം വലിയ പരാജയമായി. വന്‍ ബജറ്റില്‍ ചിത്രീകരിച്ച സിനിമ 20 കോടി മാത്രമേ നേടിയുള്ളൂ. തേജസ് ഉള്‍പ്പെടെ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിലും കങ്കണയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ല.












Click it and Unblock the Notifications