കേന്ദ്ര മന്ത്രി, ഗവർണ്ണർ: ഷെട്ടാറിനെ മെരുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി ബിജെപി, പക്ഷെ....
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടിയുമായി ഇടഞ്ഞ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് നിർണ്ണായക പ്രഖ്യാപനം നടത്തിയേക്കും. കഴിഞ്ഞ ദിവസം എം എല്‍ എ സ്ഥാനം രാജിവെച്ച ഷെട്ടാർ കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ നീക്കം മുന്നില്‍ കണ്ട് ബി ജെ പിയും അദ്ദേഹത്തെ എത് വിധേനയും പാർട്ടിയില്‍ പിടിച്ച് നിർത്താനുള്ള ഒരുക്കത്തിലാണ്.
ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജഗദീഷ് ഷെട്ടാറിന് കേന്ദ്രത്തില്‍ വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കുന്നത്. "ജഗദീഷ് ഷെട്ടർ ഈ മേഖലയിലെ മുതിർന്ന നേതാവാണ്. ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഡൽഹിയിൽ വലിയ പദവി ഷെട്ടറിന് വാഗ്ദാനം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി തുടർന്നിരുന്നെങ്കിൽ എല്ലാം ശരിയാകുമായിരുന്നു," ബസവരാജ് ബൊമ്മൈ ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ജഗദീഷ് ഷെട്ടാർ ഞായറാഴ്ച സിർസിയിൽ വെച്ച് കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിക്ക് എം എൽ എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് നല്‍കുകയായിരുന്നു. കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന്, "ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല," എന്നായിരുന്നു കർണാടക മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കർണാടകയിലെ ചില ബി ജെ പി നേതാക്കൾ പാർട്ടിയെ ശരിയായ രീതിയില്‍ അല്ല കൈകാര്യം ചെയ്യുന്നതെന്നതെന്നും ഷെട്ടർ ഞായറാഴ്ചയും ആരോപിച്ചു.
അനുനയ നീക്കവുമായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഹുബ്ബള്ളിയിലെ വസതിയിൽ ഷെട്ടറിനെ കണ്ടിരുന്നു. കുടുംബാംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും മറ്റ് പ്രധാന സ്ഥാനങ്ങൾ നൽകാമെന്നും അവർ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിച്ചു. ബി ജെ പി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സന്ദർശനത്തിന് ശേഷം, ബി ജെ പി ഉന്നതരും മിസ്റ്റർ ഷെട്ടറിനെ വിളിച്ച് ഗവർണർ കേന്ദ്രമന്ത്രി പദവികളും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

തന്റെ നിയോജക മണ്ഡലത്തിൽ എംഎൽഎയായി പ്രവർത്തിക്കണമെന്നുമാത്രമാണ് തനിക്കിഷ്ടമെന്നും വലിയ പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ഇപ്പോൾ, ഞാൻ പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു. അവർ എനിക്ക് ടിക്കറ്റ് നൽകാൻ തീരുമാനിച്ചാലും ഞാൻ എന്റെ തീരുമാനത്തിൽ നിന്ന് പിന്മാറില്ല," ഷെട്ടാർ പറഞ്ഞു
പ്രമുഖ ലിംഗായത്ത് നേതാവ് കൂടിയായ ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ സെഗ്‌മെന്റിൽ നിന്ന് മത്സരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സീറ്റ് കിട്ടുന്നില്ലെന്ന സൂചന ലഭിത്ചതോടെ തന്നെ അനൂകല പ്രഖ്യാപന്തിനായി വലിയ നീക്കം നടത്തിയിരുന്നു. എന്നാല്‍ ബി ജെ പി ഒരു തരത്തിലും ഇതിന് വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് അദ്ദേഹം പാർട്ടിക്ക് പുറത്തേക്ക് എന്ന് തന്നെ തീരുമാനിച്ചത്.
പാർട്ടിയിൽ നിന്ന് അപമാനിക്കപ്പെട്ടതിനാലാണ് ഞാൻ ഈ വേദനാജനകമായ തീരുമാനമെടുത്തതെന്ന് സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കാഗേരിയുടെ വസതിയിൽ രാജിക്കത്ത് സമർപ്പിച്ച ശേഷം ഷെട്ടാർ പറഞ്ഞു. അതേസമയം, ഷെട്ടറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് എംബി പാട്ടീൽ പറഞ്ഞു. ഷെട്ടാർ കോണ്‍ഗ്രസിലേക്ക് വരാന്‍ തീരുമാനിച്ചാൽ അദ്ദേഹത്തെ എങ്ങനെ ഉൾക്കൊള്ളണം എന്നതിനെക്കുറിച്ച് ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് ഓഫീസില്‍ രാഹുല്‍ ഗാന്ധിയും സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടന്നു.












Click it and Unblock the Notifications