രാഹുലിന്റെ പ്രസ്താവനയ്ക്ക് മോദിയുടെ കിണ്ണം കാച്ചിയ മറുപടി: തിരഞ്ഞെടുപ്പ് ചൂടില്‍ പോരാട്ടം തുടരുന്നു!
ബെംഗളൂരു: തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ചൂടിലാണ് കർണ്ണാടകം. പ്രചാരണ വേദികൾ നേതാക്കൻമാരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാണ്. പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മോദിയുടെ രൂക്ഷ വിമർശനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഹങ്കാരിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. കർണാടകയിലെ ബംഗ്രാപേട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമർശം.
പരിചയസമ്പന്നരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ട്. ഇവരെ തഴഞ്ഞ് ഒരാൾക്ക് താൻ പ്രധാനമന്ത്രിയാകുമെന്ന് എങ്ങിനെ പ്രഖ്യാപിക്കാനാവും? രാഹുലിന്‍റെ പരാമർശം അഹങ്കാരമാണെന്നും മോദി പറഞ്ഞു. മോദിയെ മാറ്റാന്‍ വലിയ യോഗങ്ങളാണ് നടക്കുന്നത്. ഒരു നാടുവാഴി താനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാനാഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടക ഇന്ത്യയുടെ അഭിമാനമാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ തകർത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്‌കാരം, വര്‍ഗീയത, ജാതീയത, കുറ്റകൃത്യങ്ങള്‍, അഴിമതി, കരാര്‍ സംവിധാനം തുടങ്ങിയവയാണ് കർണാടകയെ തകർത്തതെന്നും മോദി കുറ്റപ്പെടുത്തി.

ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മോദിക്കെതിരെ ആഞ്ഞടിച്ചു. വാചക കസർത്ത് നടത്താതെ കർണാടകയ്ക്ക് മോദിയുടെ സംഭാവന എന്താണെന്ന് വ്യക്തമാക്കണമെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ബെംഗളുരുവിൽ വിവിധ റോഡ് ഷോകളിൽ സജീവമാണ് രാവിലെ മുതൽ രാഹുൽ ഗാന്ധി. ദിവസങ്ങളോളമായി കർണാടകയിൽ തുടരുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായും വൈകീട്ടോടെ ബെംഗളൂരുവിലെത്തും.
അതേ സമയം തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രചാരണ പരിപാടികൾ ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി ബംഗാര പേട്ട്, ചിക്കമംഗലൂർ, ബെലഗാവി, ബീദർ എന്നിവടങ്ങളിലായി നാല് റാലികളിൽ സംസാരിക്കും. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.












Click it and Unblock the Notifications