Get Updates
Get notified of breaking news, exclusive insights, and must-see stories!

മറുകണ്ടം ചാടിയ ഷെട്ടാറും സവാദിയും, പ്രതാപം പോയ യഡ്ഡി: ലിംഗായത്തുകള്‍ ബിജെപിയെ കൈവിട്ടാല്‍

അടുത്ത മാസം പത്താം തിയതിയോടെ നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി പ്രചരണ രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികള്‍. സ്ഥാനാർത്ഥി പ്രഖ്യാപനം ഏകദേശം പൂർത്തിയായി കഴിഞ്ഞതോടെ മത്സര ചിത്രം തെളിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അവസാന ഘട്ടത്തില്‍ ബി ജെ പിക്ക് തുടർച്ചയായ വന്‍ അടികള്‍ നല്‍കാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന കാര്യം.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി എന്നിവരെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച കോണ്‍ഗ്രസ് ഇരുവർക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റും നല്‍കി. ബി ജെ പിയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടി നേതൃത്വവുമായി ഇടയുകയായിരുന്നു സവാദിയും ഷെട്ടറും. ഇരുവരേയും അനുനയിപ്പിക്കാന്‍ ബി ജെ പി അവസാന വട്ടം വരെ ശ്രമച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല.

 shettar

ലിംഗായത്ത് വികാരം

സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ജഗദീഷ് ഷെട്ടാറും ലക്ഷ്മണ്‍ സവാദിയും. ഇരുവർക്കും സമുദായത്തില്‍ നല്ല സ്വാധീനമുണ്ട്. അത് തന്നെയാണ് ബി ജെ പിയെ ഭയപ്പെടുത്തുന്നതും. ഇരുവരോടും ബി ജെ പി കാട്ടിയ നിലപാടിനെ ലിംഗായത്തുകള്‍ക്കെതിരെ കാണിച്ച അനീതിയായിട്ടാണ് കോണ്‍ഗ്രസ് ഉയത്തിക്കാണിക്കുന്നത്. "ബിജെപിയിലെ ലിംഗായത്തുകളെ അപമാനിക്കുന്നു", "ലിംഗായത്ത് നേതാക്കളെ ബിജെപി ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നു"- തുടങ്ങിയ രാഷ്ട്രീയ ലക്ഷ്യത്തോടേയുള്ള വ്യക്തമായ പ്രചരണവും കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞു.

ജഗദീഷ് ഷെട്ടാറിനും ലക്ഷ്മണ്‍ സവാദിക്കും പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാനും ലിംഗായത്ത് നേതാക്കള്‍ കൂടി ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ബി ജെ പിക്ക് വലിയ പിന്തുണ നല്‍കി പോന്നിരുന്ന ഒരു സമുദായത്തിന്റെ വോട്ട് ബാങ്കില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ മാത്രം ശേഷിയുള്ളതാണ് ഈ രാജികളെന്നാണ് വിലയിരുത്തല്‍. ലിംഗായത്ത് വിഭാഗത്തില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം വോട്ടെങ്കിലും കോണ്‍ഗ്രസിന് കൂടുതലായി പിടിക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്തെ മൊത്തം തിരഞ്ഞെടുപ്പ് ചിത്രത്തേയും അത് ബാധിക്കും.

ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചോളൂ: മുടി കൊഴിച്ചില്‍ മുതല്‍ മുഖക്കുരു വരെ പമ്പ കടക്കും

 yediyurap

യഡിയൂരപ്പയുടെ സട കൊഴിഞ്ഞോ

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ബി ജെ പി ശക്തിപ്രാപിക്കുന്നതിനും അധികാരം പിടിക്കുന്നതിനും പ്രധാന കാരണമായി തീർന്നത് ലിംഗായത്തുകളുടെ പൂർണ പിന്തുണയാണ്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും ഉന്നതനായ നേതാവ് ബി എസ് യഡിയൂരപ്പ അതിന്റെ നെടും തൂണായി നില്‍ക്കുകയും ചെയ്തു. ബി എസ് യദ്യൂരപ്പക്ക് ലഭിക്കുന്ന പിന്തുണ ഒരു ഘട്ടത്തില്‍ ബി ജെ പിയേക്കാളും ശക്തമായിരുന്നു എന്നതായിരുന്നു ശ്രദ്ധേയം.

2013 ല്‍ യഡിയൂരപ്പ ബിജെപി വിട്ട് കർണാടക ജനതാ പക്ഷ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചപ്പോള്‍ ആ വർഷത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി 110 ല്‍ നിന്നും 40 സീറ്റിലേക്ക് ചുരുങ്ങി. കെജെപി ആറ് സീറ്റുകൾ മാത്രമാണ് നേടിയതെങ്കിലും 9.68% വോട്ടുകൾ നേടി, 36 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും 35 ൽ മൂന്നാമതെത്തി. എന്നാല്‍ യഡിയൂരപ്പ ബിജെപിയിലേക്ക് മടങ്ങിയതോടെ 2018ൽ 104 സീറ്റുകൾ നേടി പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

പടിയിറക്കം അവഗണനയോടെയോ

2019 ല്‍ സഖ്യ സർക്കാറിനെ വീഴ്തി ബിജെപി അധികാരം പിടിച്ചപ്പോള്‍ ആദ്യം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടത് യഡിയൂരപ്പയായിരുന്നു. എന്നാല്‍ കാലാവധി പൂർത്തിയാക്കുന്നതിന് മുന്നെ അദ്ദേഹത്തെ മാറ്റി ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രി കസേരയിലേക്ക് കൊണ്ടുവന്നു. ഇതോടെ ലിംഗയത്തുകളുടെ പിന്തുണ ബിജെപിക്ക് കുറഞ്ഞ് വരുന്നുവെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ഇത്തവണ യഡിയൂരപ്പയുടെ രണ്ടാമത്തെ മകനായ വിജയേന്ദ്രക്ക് കുടുംബ കോട്ടയായ ശിക്കാരിപുരയിൽ മത്സരിക്കാന്‍ പാർട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. മൂത്തമകൻ ബിവൈ രാഘവേന്ദ്ര ശിവമോഗയിൽ നിന്നുള്ള എംപിയുമാണ്.

 laxmansavadi

ബി ജെ പിക്കുള്ള ലിംഗായത്ത് പിന്തുണ ഇത്തവണ വലിയ തോതില്‍ കുറയുമെന്ന് കോണ്‍ഗ്രസ് മാത്രമല്ല പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. കോണ്‍ഗ്രസ് ലിംഗായത്തുകളുടെ പിന്തുണ നേടാന്‍ അനുയോജ്യമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുന്നുമുണ്ട്. ലിംഗായത്തുകൾക്ക് ഇത്തവണ വലിയ തോതില്‍ തന്നെ പാർട്ടി ടിക്കറ്റുകള്‍ നല്‍കി, പ്രത്യേകിച്ച് വടക്കൻ കർണാടകയിൽ മിക്ക സീറ്റുകളിലും ലിംഗായത്തുകളാണ് പ്രധാന സീറ്റുകളില്‍ മത്സരിക്കുന്നത്.

ആയുധമാക്കാന്‍ കോണ്‍ഗ്രസ്

സംസ്ഥാനത്തുടനീളമുള്ള പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി ഷെട്ടാറേയും മുൻ ഉപമുഖ്യമന്ത്രി സവാദിയെയും ഉപയോഗിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 67 കാരനായ ഷെട്ടാർ ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ നിന്ന് ആറ് തവണ എംഎൽഎയും മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം സ്വന്തം മണ്ഡലത്തിനപ്പുറത്തേക്ക് വ്യാപിക്കില്ലെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും ലിംഗായത്തുകള്‍ അപമാനിക്കപ്പെട്ടെന്ന വികാരം അദ്ദേഹത്തിലൂടെ ആളിക്കത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

തനിക്ക് ടിക്കറ്റ് നിഷേധിക്കാൻ ബി ജെ പി ഒരു കാരണവും നിരത്തിയിട്ടില്ല, തനിക്കെതിരെ ഒരു ആരോപണങ്ങളുമില്ല, ടിക്കറ്റ് നിഷേധിക്കാനായിരുന്നു തീരുമാനമെങ്കില്‍ അത് നേരത്തെ പറയാമായിരുന്നു, എന്നാല്‍ ഒരു വാക്ക് പോലും എന്നെ അറിയിച്ചില്ല. ഷെട്ടാർ പങ്കുവെക്കുന്ന ഈ വികാരം ലിംഗായത്ത് വോട്ടർമാരുടെ മനസ്സിനെ സ്വാധീനിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+