കർണാടകയില്‍ ബിജെപിക്ക് തിരിച്ചടികള്‍ തുടരുന്നു: ബൊമ്മൈയുടെ വിശ്വസ്തന്‍ കോണ്‍ഗ്രസില്‍ ചേർന്നു
കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് കനത്ത തിരിച്ചടി നൽകി പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അടുത്ത അനുയായിയായ മഞ്ജുനാഥ് കുന്നൂർ ആണ് തിങ്കളാഴ്ച കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. കുന്നൂർ തന്റെ മണ്ഡലത്തിൽ നിന്ന് ബൊമ്മൈയ്ക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വലംകൈയാണെന്ന് വിശ്വസിക്കപ്പെടുന്ന മഞ്ജുനാഥ് കുന്നൂർ, കർണാടകയിലെ ഹവേരി ജില്ലയിലെ അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ഷിഗ്ഗാവിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളാണ്. കോൺഗ്രസിൽ ചേരാനുള്ള കുന്നൂരിന്റെ തീരുമാനം ബൊമ്മൈയുടെ ജനപ്രീതി സംസ്ഥാനത്ത് കുറയുന്നത് എടുത്തുകാണിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
നേരത്തെ മാർച്ച് 22 ന് കെ പി സിസി അധ്യക്ഷൻ ഡി കെ ശിവകുമാർ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ബി ജെ പി, എം എൽ സി ബാബുറാവു ചിഞ്ചൻസൂറും കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. ഈ വർഷം മേയിൽ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഗുർമിത്കൽ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ചിഞ്ചൻസൂർ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്ന്ത്.

ചിഞ്ചൻസൂറിന്റെ രാജിക്ക് ദിവസങ്ങൾക്ക് മുമ്പ്, കർണാടക സർക്കാരിൽ വൻതോതിലുള്ള അഴിമതി നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സിറ്റിംഗ് എം എൽ സി പുട്ടണ്ണയും മാർച്ച് 9 ന് കാവി ക്യാമ്പിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുന്നത് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ തിരിച്ചടി നല്‍കിയേക്കും.
കർണാടക നിയമസഭയുടെ കാലാവധി 2023 മെയ് 24-ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ തന്നെ നടത്തിയേക്കും. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയും കോൺഗ്രസും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനം സന്ദർശിച്ച് നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു.
അതേസമയം, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും പേരുകൾ ഉൾപ്പെടുന്ന 124 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പാർട്ടി മാർച്ച് 25 ന് പുറത്തിറക്കി. വരാനിരിക്കുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വൻതോതിൽ ബാധിക്കുമെന്നതിനാൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഡികെ ശിവകുമാർ കനകപുര മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കുമ്പോൾ, സിദ്ധരാമയ്യയ്ക്ക് നിലവിൽ അദ്ദേഹത്തിന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മൈസൂരുവിലെ വരുണയാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രി കോലാറിലും മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. സാധാരണ അദ്ദേഹം രണ്ട് സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. മാസങ്ങളോളം അതിനുള്ള തയ്യാറെടുപ്പും അദ്ദേഹം നടത്തിയിരുന്നു.
ഫെബ്രുവരിയിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് (കെപിസിസി) നൽകിയ ഔപചാരിക അപേക്ഷയിൽ സിദ്ധരാമയ്യ താൻ തിരഞ്ഞെടുക്കുന്ന മൂന്ന് മണ്ഡലങ്ങളായി ബദാമി, വരുണ, കോലാർ എന്നിവ പരാമർശിച്ചിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ രണ്ട് സീറ്റുകളിൽ മത്സരിക്കാനാണ് സിദ്ധരാമയ്യ ആലോചിച്ചിരുന്നതെങ്കില് നേതൃത്വം അതിന് തയ്യാറായില്ല.
Vastu Tips: എന്തുകൊണ്ട് ഈ ദിശയില്‍ തലവെച്ച് കിടന്നുറങ്ങരുത്, തല എത് ദിശയില്‍ വെക്കണം
കോലാറില്‍ നിന്ന് ജയിക്കാനിടയില്ലെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനാലാണ് അദ്ദേഹത്തിന് കോലാർ ലഭിക്കാതിരുന്നതെന്നാണ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണയിലും ബദാമിയിലും സിദ്ധരാമയ്യ മത്സരിച്ചിരുന്നു. ബദാമി നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട തന്റെ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം നിരന്തരം നേതൃത്വത്തെ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയിൽ സംസ്ഥാനത്തെ മുൻനിര നേതാക്കളും ഭൂരിപക്ഷം സിറ്റിങ് എംഎൽഎമാരും ഉൾപ്പെടുന്നു. 91 കാരനായ ഷാമനുരു ശിവശങ്കരപ്പയ്ക്ക് ദാവൻഗരെ സൗത്തിൽ നിന്ന് ടിക്കറ്റ് ലഭിച്ചുവെന്നതാണ് ശ്രദ്ധേയം. അതേസമയം, മുതിർന്ന പാർട്ടി നേതാവും കോലാറിൽ നിന്നുള്ള എംപിയുമായ കെ എച്ച് മുനിയപ്പയ്ക്ക് ദേവനഹള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications