ട്വിസ്റ്റ് ഇന്ന് അവസാനിക്കും; സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായേക്കും, പ്രഖ്യാപനം ഉടന്‍
ബംഗളൂരു: ഏറെ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇപ്പോള്‍ ഷിംലയിലാണുള്ളത്. ദില്ലിയില്‍ എത്തിയാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയുമായും പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമായും സോണിയ ഗാന്ധി ചര്‍ച്ച നടത്തും. ഇതിന് ശേഷമാണ് അന്തിമതീരുമാനമുണ്ടാകുക.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡി കെ ശിവകുമാറിനെ അറിയിച്ചെന്നാണ് വിവരം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കാണെന്ന് ഡി കെയെ ബോധ്യപ്പെടുത്തി. നേരത്തെ മുഖ്യമന്ത്രി പദത്തിനായി ഡി കെയെയും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ചാല്‍ ഡി കെ പക്ഷത്തിന് സുപ്രധാന വകുപ്പുകള്‍ നല്‍കിയേക്കും.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം രണ്ട് ടേം വ്യവസ്ഥയിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയയ്ക്കും രണ്ടാമത്തെ ടേമില്‍ മൂന്ന് വര്‍ഷം ഡി കെ ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ധാരണയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനിടെ ഉപമുഖ്യമന്ത്രി പദവവും ആഭ്യന്തര വകുപ്പും വേണമെന്ന ആവശ്യമാണ് ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
കൂടെ നില്‍ക്കുന്ന നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കണമെന്നും ടേം സംബന്ധിച്ച് കൃത്യമായ ഉറപ്പുവേണമെന്നുമാണ് ഡി കെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ച മറ്റൊരു നിര്‍ദ്ദേശമെന്ന സൂചനയുണ്ട്. അതേസമയം, മുഖ്യമന്ത്രി ആരാണെന്ന് സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെയാണ് ഉണ്ടാവുകയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള അവസാനഘട്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപനം നാളെയാണ് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. ഭരണകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തില്‍ കൂടുതല്‍ എം എല്‍ എമാരും സിദ്ധരാമയ്യയ്‌ക്കൊപ്പമായിരുന്നു. ഇന്ന് രാവിലെ ദില്ലിയിലെത്തിയ ഡി കെ ശിവകുമാറുമായി കെ സി വേണുഗോപാല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കെ സി വേണുഗോപാല്‍ സോണിയ ഗാന്ധിയുടെ വീട്ടിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications