ബിജെപി രാത്രി ഗോവയില്‍ നിന്ന് ആളെയിറക്കി; റിസോര്‍ട്ട് ബുക്ക് ചെയ്‌തോ... ആരോപണവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കവെ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബിജെപി ഗോവയില്‍ നിന്ന് നിരവധി പേരെ ഇറക്കിയിട്ടുണ്ടെന്നും രാത്രി ബസുകളില്‍ ആളുകള്‍ എത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഗോവയിലെ ബിജെപി മന്ത്രി കര്‍ണാടകയിലെ റിസോര്‍ട്ടില്‍ ഹോട്ടല്‍ ബുക്ക് ചെയ്തത് എന്തിനാണെന്നും അവര്‍ ചോദിച്ചു.
224 അംഗ നിയമസഭയിലേക്കാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. 113 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍. അതിനിടെയാണ് പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. വീഡിയോയും അവര്‍ പങ്കുവച്ചു.

ഗോവയിലെ ബിജെപി സര്‍ക്കാര്‍ എന്തിനാണ് കര്‍ണാടകയിലേക്ക് ആളുകളെ അയക്കുന്നത് എന്നാണ് പവന്‍ ഖേര ചോദിച്ചത്. കഡംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലാണ് വടക്കന്‍ കര്‍ണാടകയിലേക്ക് ആളുകള്‍ എത്തിയത്. രാത്രിയാണ് ബസുകള്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന വേളയിലും സമാനമായ രീതിയില്‍ ആളുകള്‍ ഗോവയില്‍ നിന്ന് വന്നിരുന്നു. നൂറോളം ബസുകളാണ് ഗോവയില്‍ നിന്ന് എത്തിയത്. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രണ്‍ദീപ് സുര്‍ജേവാലയും പുതിയ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഇത് വലിയ കുറ്റകൃത്യമാണ് എന്ന് സുര്‍ജേവാല പറഞ്ഞു. നിയമവിരുദ്ധമായി പണം കടത്തുന്നതിനാണോ ഇത്രയും പേരെ കര്‍ണാടകയില്‍ എത്തിക്കുന്നത്. ഗോവയിലെ ബിജെപി നേതാവും മന്ത്രിയുമായ വിശ്വജീത് റാണെ ദന്തേലിയിലെ റിസോര്‍ട്ട് ബുക്ക് ചെയ്തിട്ടുണ്ടോ എന്നും സുര്‍ജേവാല ചോദിച്ചു. ഗോവയില്‍ നിന്ന് ബസുകള്‍ എത്തുന്ന വീഡിയോ അദ്ദേഹവും പങ്കുവച്ചു.
എവിടെയാണ് കര്‍ണാടക പോലീസ്. ഇതൊന്നും അന്വേഷിക്കുന്നില്ല. ഉത്തര കന്നഡ ജില്ലയിലെ വിസ്ലിങ് വൂഡ്‌സ് ജംഗിള്‍ റിസോര്‍ട്ടിലെ ആറ് മുറികള്‍ ഗോവയിലെ ബിജെപി മന്ത്രി ബുക്ക് ചെയ്തിട്ടുണ്ടോ. എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് സുര്‍ജേവാല ഉന്നയിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളെല്ലാം പ്രതിപക്ഷ പാര്‍ട്ടികളാണ് ഭരിക്കുന്നത്. ബിജെപിയെ ദക്ഷിണേന്ത്യയില്‍ നിന്ന് പുറത്താക്കുമെന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.












Click it and Unblock the Notifications