വിഷപാമ്പ് പ്രയോഗമൊന്നും തിരിച്ചടിക്കില്ല; കോൺഗ്രസ് 150 സീറ്റ് പിടിക്കും'; മല്ലികാർജ്ജുൻ ഖാർഗെ
കർണാടകയിൽ പ്രതീക്ഷ ഉയർന്ന നിലയിലാണ് ഇത്തവണ കോൺഗ്രസ്. പുറത്ത് വന്ന ഭൂരിഭാഗം അഭിപ്രായ സർവ്വേകളിലും കോൺഗ്രസിനാണ് വിജയ സാധ്യത കൽപ്പിക്കുന്നത്. ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കിട്ടത്.
ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് രൂക്ഷമാണെന്നും ബി ജെ പിയുടെ നേതൃത്വത്തിലുള്ള അഴിമതി സർക്കാരിനെ ജനം പുറത്താക്കുമെന്നും ഖാർഗെ പറഞ്ഞു. 150 സീറ്റുകൾ വരെ പാർട്ടിക്ക് നേടാനാകുമെന്ന ആത്മവിശ്വാസവും ഖാർഗെ പങ്കിട്ടു.

ശക്തമായ പ്രചരമാണ് ബി ജെ പിയും കോൺഗ്രസും സംസ്ഥാനത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാർഗെ നടത്തിയൊരു പ്രതികരണം വലിയ വിവാദമായിരുന്നു. നരേന്ദ്ര മോദി വിഷപാമ്പിനെ പോലെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷന്റെ പരാമർശത്തിന് തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. എന്നാൽ ഇതൊന്നും തിരിച്ചടിയാകില്ലെന്നും നേരത്തേ സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും പരോക്ഷമായി തന്നേയും അപമാനിച്ച ആളാണ് പ്രധാനമന്ത്രിയെന്നും ഖാർഗെ പറഞ്ഞു. എത്രതവണ മറ്റുള്ളവരെ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കണമെന്നും അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.
ഏകീകൃത സിവിൽ കോഡ് അടക്കമുള്ള ബി ജെ പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അവർ എങ്ങനെ നടപ്പാക്കുമെന്ന് നോക്കാം. കോൺഗ്രസിനെ സംബന്ധിച്ച് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറെയും പാർട്ടി മുൻപ് നടപ്പാക്കിയിട്ടുണ്ട്. ഇന്ദിരാ കാന്റീന്‍, സൗജന്യ അരി, സൗഭാഗ്യ തുടങ്ങിയവ ഇക്കൂട്ടത്തിൽ ചിലത് മാത്രമാണ്',ഖാർഗെ പറഞ്ഞു.അധികാരത്തിലേറിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അക്കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്ന് ഖാർഗെ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരമായ്യയും കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് മുഖ്യമന്ത്രി കസേരയ്ക്കായി തർക്കം നിലനിൽക്കുന്നത്. എന്നാൽ ഇവരിൽ ആരെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപ് ഒരു നേതാവിനെ ഉയർത്തിക്കാട്ടുന്നത് ജാതി-മത സമവാക്യങ്ങൾ ഏറെ നിർണായകമായ സ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് നേതൃത്വം കരുതുന്നത്.
അതേസമയം അടുത്തിടെ പുറത്തുന്ന അഭിപ്രായ സർവ്വേകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് സിദ്ധരമായ്യയ്ക്കാണ്. ഭരണം ലഭിച്ചാൽ കോൺഗ്രസ് തന്നെ പരിഗണിക്കുമെന്ന് തന്നെയാണ് സിദ്ധരാമയ്യയുടേയും പ്രതീക്ഷ. നേരത്തേ ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തന്റെ അവസാന നിയമസഭ തിരഞ്ഞെടുപ്പാണ് ഇതെന്നും തന്നെ മാത്രമേ ഹൈക്കമാന്റ് നേതൃത്വം പരിഗണിക്കുള്ളൂവെന്നുമായിരുന്നു അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എന്നാൽ സിദ്ധരാമയ്യയെ നേതൃത്വം പരിഗണിച്ചാൽ അത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഡികെ പക്ഷം ഇതിനെതിരെ രംഗത്തെത്താനും നേതാക്കൾ രാജി ഭീഷണിയടക്കം മുഴക്കി നേതൃത്വത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചേക്കും. അതുകൊണ്ട് തന്നെ വളരെ കരുതലോടെയായിരിക്കും വിഷയത്തിൽ ഹൈക്കമാന്റ് തീരുമാനമെടുക്കുക.
അതേസമയം കേവല ഭൂരിപക്ഷം കോൺഗ്രസിന ്ലഭിച്ചാൽ പോലും പാർട്ടിയെ അധികാരത്തിലേറ്റാതിരിക്കാനുള്ള തന്ത്രങ്ങൾ ബി ജെ പി ക്യാമ്പ് മെനയുമെന്നാണ് വിലയിരുത്തലുകൾ. 2019 ലെ അതേ സാഹചര്യം ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് എന്ത് നടപടിയാകും സ്വീകരിക്കുകയെന്നാണ് ഉറ്റുനേക്കപ്പെടുന്നത്.












Click it and Unblock the Notifications