'ആദ്യം രാമനോടായിരുന്നു പ്രശ്നം, ഇപ്പോൾ ബജ്രംഗ് ബലിയെ പൂട്ടുമെന്ന്', കോൺഗ്രസ് പ്രകടന പത്രികയ്ക്ക് എതിരെ മോദി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക കോണ്‍ഗ്രസ് പുറത്തിറക്കിയതിന് പിന്നാലെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ കോണ്‍ഗ്രസിന് പ്രശ്‌നം രാമനോട് ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അവര്‍ ബജ്രംഗ് ബലിയെ ആരാധിക്കുന്നവരെ പൂട്ടാന്‍ നടക്കുകയാണ് എന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നാല്‍ ബജ്‌റംഗ് ദള്‍ പോലുളള സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് നരേന്ദ്ര മോദിയുടെ വിമര്‍ശനം. ഹൊസ്‌പേട്ടില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഹനുമാന്‍ ഭഗവാന്റെ നാട്ടില്‍ താന്‍ ഏറെ ആരാധനയോടെ എത്തിയിരിക്കുന്ന ഈ സമയത്ത് കോണ്‍ഗ്രസ് ചെയ്യുന്നത് അവരുടെ പ്രകടന പത്രികയില്‍ ബജ്‌റംഗ് ബലിയെ പൂട്ടാന്‍ തീരുമാനമെടുത്തിരിക്കുന്നു എന്നതാണ്. താന്‍ ഹനുമാന്‍ ഭഗവാന്റെ കാല്‍പാദങ്ങളില്‍ നമസ്‌ക്കരിക്കുന്നതായും കര്‍ണാടകയുടെ സംസ്‌ക്കാരത്തേയും അഭിമാനത്തേയും അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
വിശ്വ ഹിന്ദു പരിഷദിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളിനെ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി താരതമ്യപ്പെടുത്തിയാണ് നിരോധന തീരുമാനം കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുളളത്. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് പ്രചരിപ്പിക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. അതേസമയം കര്‍ണാടകയെ രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റാനുളള റോഡ് മാപ് ആണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് നരേന്ദ്ര മോദി പറഞ്ഞു.
കോണ്‍ഗ്രസും ജെഡിഎസും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേ നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രം തന്നെ തീവ്രവാദത്തേയും തീവ്രവാദികളേയും പ്രീണിപ്പിക്കുന്നതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസ് മിന്നലാക്രമണത്തിന്റെ അടക്കം സമയത്ത് രാജ്യത്തിന്റെ പ്രതിരോധ സേനയെ ചോദ്യം ചെയ്തുവെന്നും ആരോപിച്ചു.
കോണ്‍ഗ്രസിനേയും ജെഡിഎസിനേയും കര്‍ണാടകത്തിലെ ജനങ്ങള്‍ സൂക്ഷിക്കണമെന്നും ഇരുകൂട്ടരും ഒരേ മനസ്സും ഒരുപോലെ പ്രവര്‍ത്തിക്കുന്നവരുമാണെന്നും മോദി പറഞ്ഞു. ഇരുകൂട്ടരും മക്കള്‍ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്, ഇരുകൂട്ടരും അഴിമതിക്കാരുമാണ്. കര്‍ണാടകയുടെ വികസനം ഒരുകാലത്തും ഇവരുടെ താല്‍പര്യമായിരുന്നില്ല. കര്‍ണാടകത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കാനോ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ ഇവര്‍ക്ക് സാധിക്കില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications